kerala

മലപ്പുറത്ത് തീപിടിത്തം; ഫർണിച്ചർ യൂണിറ്റും കാറുകളും കത്തിനശിച്ചു

By webdesk18

December 24, 2025

മലപ്പുറം: മലപ്പുറം മേലെ ചേളാരിയിൽ ഫർണിച്ചർ നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്ന ഷെഡിന് തീപിടിച്ചു. ഹരിതകർമസേന ശേഖരിച്ച് കൂട്ടിവെച്ച പ്ലാസ്റ്റിക് കൂമ്പാരത്തിൽ നിന്നാണ് തീ പടർന്നതെന്ന് പ്രാഥമിക വിവരം. താനൂരിൽ നിന്നുള്ള യൂണിറ്റിനൊപ്പം തിരൂർ, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘങ്ങളും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

അതേസമയം, എറണാകുളം നെട്ടൂരിൽ ആളൊഴിഞ്ഞ ഫ്ലാറ്റിന് സമീപമുള്ള സ്വകാര്യ കെട്ടിടത്തിനടിയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപിടിച്ച് സമീപത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ പൂർണമായും കത്തിനശിച്ചു. നെട്ടൂർ പാറയിൽ അൻവറിന്റെ ഉടമസ്ഥതയിലുള്ള മാരുതി സെൻ കാറും അമ്പലത്ത് വീട് റിയാസിന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര സൈലോ കാറുമാണ് നശിച്ചത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.

മരട് നഗരസഭയുടെ പുതിയ 29-ാം ഡിവിഷനിൽ ഹരിത കർമസേന വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നത്. നിമിഷങ്ങൾക്കകം തീ വ്യാപിച്ചതോടെ വലിയ നാശനഷ്ടമാണ് ഉണ്ടായത്. സാമൂഹ്യവിരുദ്ധർ തീ ഇട്ടതാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്.

പ്രദേശത്ത് വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചിരുന്നുവെന്നും ഇത് നീക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും നഗരസഭാ അധികൃതർ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു.