Connect with us

india

1.20 കോടി രൂപ വിലമതിക്കുന്ന 121 ഗ്രാം കൊക്കെയ്ന്‍ ബ്രെഡ് പാക്കറ്റില്‍ ഒളിപ്പിച്ച് കടത്തിയ നൈജീരിയന്‍ യുവതി അറസ്റ്റില്‍

മുംബൈയില്‍ നിന്നു ബംഗളൂരുവിലെത്തിയ ഒലാജിഡെ എസ്തര്‍ ഇയാനുവോളുവ (29) എന്ന യുവതിയെയാണ് ചൊവ്വാഴ്ച പിടികൂടിയത്.

Published

on

ബംഗളൂരു: ബ്രെഡ് പാക്കറ്റിനുള്ളില്‍ കൊക്കെയ്ന്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്തിയ നൈജീരിയന്‍ യുവതിയെ ബംഗളൂരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ നിന്നു ബംഗളൂരുവിലെത്തിയ ഒലാജിഡെ എസ്തര്‍ ഇയാനുവോളുവ (29) എന്ന യുവതിയെയാണ് ചൊവ്വാഴ്ച പിടികൂടിയത്.

2024-ല്‍ സ്റ്റുഡന്റ് വിസയില്‍ ഇന്ത്യയിലെത്തിയ ഒലാജിഡെയുടെ ബാഗില്‍നിന്നാണ് ബ്രെഡുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ കൊക്കെയ്ന്‍ കണ്ടെത്തിയത്. ബംഗളൂരുവിലെ വര്‍ത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രേസ് ട്രസ്റ്റില്‍ താമസിച്ചിരുന്ന വിദേശ വനിത പ്രമുഖ വ്യക്തികള്‍ക്കുള്‍പ്പെടെ കൊക്കെയ്ന്‍ വിതരണം ചെയ്യുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.

ഏകദേശം 1.20 കോടി രൂപ വിലമതിക്കുന്ന 121 ഗ്രാം കൊക്കെയ്ന്‍, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. വിദ്യാര്‍ഥിയാണെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും ഒലാജിഡെ ഇന്ത്യയില്‍ ഒരു കോളജിലും ചേരാതെ മുംബൈയിലെ ഘാട്കോപ്പര്‍ (ഗാല നഗര്‍), അംബവാടി, നല്ലസൊപാര തുടങ്ങിയ പ്രദേശങ്ങളില്‍ താമസിച്ചുവരികയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

മുംബൈയിലെ സുഹൃത്തില്‍ നിന്നാണ് കൊക്കെയ്ന്‍ വാങ്ങിയതെന്നും ഇയാളുടെ നിര്‍ദേശപ്രകാരം വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് വിതരണം ചെയ്തിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതുവഴി ലഹരിമരുന്ന് വില്‍പ്പന നടത്തി നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്നാണ് കണ്ടെത്തല്‍.

ഒലാജിഡെയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വര്‍ത്തൂരിന് സമീപം നടത്തിയ തിരച്ചിലില്‍ ലഹരിമരുന്ന് ഏറ്റുവാങ്ങാനിരുന്ന ഒരു സ്വദേശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് നാടുകടത്തി.

ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2024-ല്‍ കര്‍ണാടകയില്‍ 4168 ലഹരിമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 1833 പേര്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ 2214 പേര്‍ വിചാരണ കാത്തിരിക്കുകയാണ്. 2025-ല്‍ കേസുകളുടെ എണ്ണം 5747 ആയി വര്‍ധിക്കുകയും 1079 പേര്‍ ശിക്ഷിക്കപ്പെടുകയും 3414 പേരുടെ വിചാരണ ആരംഭിക്കുകയും ചെയ്തു.

ഡിസംബര്‍ ആദ്യവാരത്തെ കണക്കുകള്‍ പ്രകാരം ബംഗളൂരുവില്‍ മാത്രം ലഹരിമരുന്നുമായി ബന്ധപ്പെട്ട് 1078 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 52 വിദേശികള്‍ ഉള്‍പ്പെടെ 1543 പേരെയാണ് അറസ്റ്റ് ചെയ്തത്. 160 കോടി രൂപ വിലമതിക്കുന്ന 1446.75 കിലോഗ്രാം ലഹരിമരുന്നും പിടിച്ചെടുത്തു. ലഹരി കടത്തില്‍ പങ്കുണ്ടായിരുന്ന 300-ലധികം വിദേശ പൗരരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര നിയമസഭയെ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിവാഹവേദികളിലെ മോഷണം; സ്വകാര്യ കോളജ് പ്രഫസർ അറസ്റ്റിൽ, 32 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു

പ്രതിയിൽ നിന്ന് ഏകദേശം 32 ലക്ഷം രൂപ വിലമതിക്കുന്ന 262 ഗ്രാം സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.

Published

on

ബംഗളൂരു: വിവാഹവേദികളിൽ നിന്ന് സ്വർണാഭരണങ്ങളും പണവും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച കേസിൽ സ്വകാര്യ കോളജിലെ പ്രഫസർ ബംഗളൂരുവിൽ അറസ്റ്റിലായി. കെ.ആർ. പുരം സ്വദേശിയും കന്നഡ പ്രഫസറുമായ രേവതിയെയാണ് ബംഗളൂരു പൊലീസ് പിടികൂടിയത്. പ്രതിയിൽ നിന്ന് ഏകദേശം 32 ലക്ഷം രൂപ വിലമതിക്കുന്ന 262 ഗ്രാം സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.

രേവതിയുടെ ഭർത്താവ് ഹൃദ്രോഗിയാണെന്നും, മകന്റെ വിദ്യാഭ്യാസ ചെലവുകൾ ഉൾപ്പെടെ കുടുംബ ബാധ്യതകൾ വർധിച്ചതോടെയാണ് മോഷണത്തിലേക്ക് തിരിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. വിവാഹ ചടങ്ങുകളിൽ വരന്റെയോ വധുവിന്റെയോ ബന്ധുവെന്ന വ്യാജേന പങ്കെടുക്കുകയും തിരക്കിനിടയിൽ സ്വർണാഭരണങ്ങൾ കൈക്കലാക്കുകയുമായിരുന്നു മോഷണ രീതി.

നവംബർ 25ന് ബസവനഗുഡി പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ബന്ധുവിന്റെ വിവാഹ ചടങ്ങിനിടെ 32 ഗ്രാം തൂക്കമുള്ള സ്വർണമാലയും മറ്റൊരു വിലപിടിപ്പുള്ള മാലയും നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഡിസംബർ ഒന്നിന് രേവതിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത പൊലീസ്, കോടതിയിൽ ഹാജരാക്കി 12 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിൽ, ബംഗളൂരുവിലെ മറ്റ് രണ്ട് സ്ഥലങ്ങളിലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെയും വിവാഹ മണ്ഡപങ്ങളിൽ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ഡിസംബർ രണ്ടിനും 12നും ഇടയിൽ രേവതിയുടെ വീട്ടിൽ നിന്നും കടുബീസനഹള്ളിയിലെ ഒരു ബാങ്ക് ലോക്കറിൽ നിന്നുമായി 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

india

ഉന്നാവോ ബലാത്സംഗക്കേസ്: അതിജീവിത രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

10 ജന്‍പഥിലെ സോണിയ ഗാന്ധിയുടെ വസതിയില്‍ ഇന്ന് വൈകിട്ടായിരുന്നു കൂടിക്കാഴ്ച.

Published

on

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസിലെ അതിജീവിത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. 10 ജന്‍പഥിലെ സോണിയ ഗാന്ധിയുടെ വസതിയില്‍ ഇന്ന് വൈകിട്ടായിരുന്നു കൂടിക്കാഴ്ച. അതിജീവിതയെയും മാതാവിനെയും ഡല്‍ഹി പൊലീസ് വലിച്ചിഴച്ച സംഭവത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. ജര്‍മന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്ന ആവശ്യവും അതിജീവിത രാഹുലിനോട് ഉന്നയിച്ചു.

ബലാത്സംഗക്കേസില്‍ ബി.ജെ.പി മുന്‍ നേതാവായ കുല്‍ദീപ് സിങ് സെങ്കാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈകോടതി വിധിക്കെതിരെയാണ് അതിജീവിത ഇന്ത്യ ഗേറ്റിന് സമീപം പ്രതിഷേധം നടത്തിയത്. പ്രതിഷേധം ആരംഭിച്ച് മിനിറ്റുകള്‍ക്കകം അതിജീവിതയെയും അവരുടെ മാതാവിനെയും ഡല്‍ഹി പൊലീസ് അവിടെ നിന്ന് വലിച്ചിഴച്ച് മാറ്റിയിരുന്നു.

അതിജീവിതയ്ക്കെതിരായ പൊലീസ് നടപടിയെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയ കൂട്ടബലാത്സംഗത്തിനിരയായ ഒരാളോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ജാമ്യം നല്‍കി അതിജീവിതകളെ കുറ്റവാളികളെ പോലെ കൈകാര്യം ചെയ്യുന്നത് എന്തുതരം നീതിയാണെന്നും അദ്ദേഹം ചോദിച്ചു. “നാം വെറും ഒരു മൃത സമ്പദ്‌വ്യവസ്ഥയായി മാത്രമല്ല, ഇത്തരം മനുഷ്യത്വരഹിത സംഭവങ്ങളിലൂടെ ഒരു മൃത സമൂഹമായി മാറുകയാണ്” എന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.

2017ല്‍ ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ അന്ന് ബി.ജെ.പി എം.എല്‍.എയായിരുന്ന കുല്‍ദീപ് സിങ് സെങ്കാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ വിധിക്കപ്പെട്ടിരുന്നത്. പിന്നീട് റായ്ബറേലിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് സെങ്കാറിനും കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തതോടെയാണ് ഇയാളെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയത്.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് 2018 ഏപ്രിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചിരുന്നു. ഈ കേസില്‍ കുല്‍ദീപ് സിങ് സെങ്കാര്‍ ഉള്‍പ്പെടെ ഏഴ് പ്രതികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. സെങ്കാറിന്റെ സഹോദരന്‍ അതുല്‍ സെങ്കാറും കേസിലെ പ്രതിയാണ്. പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ച ശേഷം വ്യാജ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യിപ്പിച്ചുവെന്നതാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍.

Continue Reading

india

ഉന്നാവോ കേസ്: അതിജീവിതയുടെ മാതാവിന് നേരെയുള്ള അതിക്രമത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

ക്രൂര ബലാത്സംഗത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടും ഇത്തരത്തിൽ പെരുമാറുന്നത് ന്യായമാണോയെന്ന് രാഹുൽ ഗാന്ധി എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെ ചോദിച്ചു.

Published

on

ന്യൂഡൽഹി: ഉന്നാവോ അതിജീവിതയുടെ മാതാവിന് നേരെയുണ്ടായ അതിക്രമത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ക്രൂര ബലാത്സംഗത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടും ഇത്തരത്തിൽ പെരുമാറുന്നത് ന്യായമാണോയെന്ന് രാഹുൽ ഗാന്ധി എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെ ചോദിച്ചു.

നീതിക്കായി ശബ്ദമുയർത്തിയതാണോ അവർ ചെയ്ത തെറ്റെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഇരയായ പെൺകുട്ടി ഭയത്തോടെ ജീവിക്കുകയും നിരന്തരം അതിക്രമത്തിനിരയാകുകയും ചെയ്യുന്ന സാഹചര്യത്തിൽ, കുറ്റക്കാരനായ മുൻ ബിജെപി എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചത് തീർത്തും നിരാശാജനകവും ലജ്ജാകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. പീഡകനു ജാമ്യവും ഇരയെ കുറ്റവാളിയെ പോലെ കൈകാര്യം ചെയ്യുന്നതും ഏത് തരത്തിലുള്ള നീതിയാണെന്നും രാഹുൽ ചോദിച്ചു.

“നമ്മുടേത് ചത്ത സമ്പദ് വ്യവസ്ഥ മാത്രമല്ല, ഇത്തരം മനുഷ്യത്വരഹിത സംഭവങ്ങളിലൂടെ ചത്ത സമൂഹമായി മാറുകയാണ്. ഒരു ജനാധിപത്യത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കാൻ ശബ്ദമുയർത്തുന്നത് അവകാശമാണ്. അതിനെ അടിച്ചമർത്തുന്നത് കുറ്റമാണ്. ഇരയ്ക്ക് ബഹുമാനവും സുരക്ഷയും നീതിയുമാണ് വേണ്ടത്; നിസ്സഹായതയും ഭയവും അനീതിയുമല്ല,” രാഹുൽ ഗാന്ധി വ്യക്തമാക്കി.

പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സിങ് സെൻഗാറിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ അതിജീവിതയും മാതാവും ഡൽഹിയിൽ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും അതിജീവിതയുടെ മാതാവിന് നേരെ അതിക്രമമുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. പെൺകുട്ടിയെ തടങ്കലിലാക്കിയിരിക്കുകയാണെന്ന് അതിജീവിതയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

Continue Reading

Trending