News
ദിപു ചന്ദ്ര ദാസിന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍
ദിപുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം വിദ്യാഭ്യാസ ഉപദേഷ്ടാവ് സി.ആര്‍. അബ്‌റാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊല്‍ക്കത്ത: ബംഗ്ലാദേശിലെ മൈമെന്‍സിങ്ങില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട വസ്ത്ര ഫാക്ടറി തൊഴിലാളി ദിപു ചന്ദ്ര ദാസിന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു. ദിപുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം വിദ്യാഭ്യാസ ഉപദേഷ്ടാവ് സി.ആര്‍. അബ്‌റാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദിപു ദാസിന്റെ കൊലപാതകം ന്യായീകരിക്കാനാവാത്ത ക്രൂരമായ കുറ്റകൃത്യമാണെന്ന് അബ്‌റാര്‍ പറഞ്ഞു. ദിപുവിന്റെ ഭാര്യ, കുട്ടി, മാതാപിതാക്കള്‍ എന്നിവരുടെ പരിപാലന ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും, കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് മുമ്പ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
ദിപുവിന്റെ കുടുംബത്തിന് സാമ്പത്തികവും ക്ഷേമപരവുമായ സഹായം നല്‍കുമെന്നും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുമെന്നും മുഹമ്മദ് യൂനുസിന്റെ ഓഫീസ് വ്യക്തമാക്കി. അക്രമത്തെ ഒരു സാഹചര്യത്തിലും ന്യായീകരിക്കില്ലെന്നും, നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യ ഉപദേഷ്ടാവിന്റെ ഓഫീസ് വ്യക്തമാക്കി.
ദിപു ചന്ദ്ര ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദിപുവിന്റെ സഹോദരന്‍ അപു ചന്ദ്ര ദാസ് ഡിസംബര്‍ 19ന് ഭാലുക പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. ഡിസംബര്‍ 18നാണ് ദിപു ചന്ദ്ര ദാസ് കൊല്ലപ്പെട്ടത്.
മതവികാരം വ്രണപ്പെടുത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരിലാണ് ആക്രമണമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും, ദൈവനിന്ദയല്ല കൊലപാതകത്തിന് പിന്നിലെ കാരണമെന്നും, ജോലിസ്ഥലത്തെ ശത്രുതയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും ദിപുവിന്റെ കുടുംബം അറിയിച്ചു. പയനിയര്‍ നിറ്റ്വെയേഴ്സ് ലിമിറ്റഡ് എന്ന വസ്ത്ര ഫാക്ടറിയിലെ ജീവനക്കാരനായിരുന്ന ദിപു, ഫ്‌ലോര്‍ മാനേജറില്‍ നിന്ന് സൂപ്പര്‍വൈസറിലേക്കുള്ള സ്ഥാനക്കയറ്റത്തിനായുള്ള റിക്രൂട്ട്മെന്റ് പരീക്ഷ അടുത്തിടെ എഴുതിയിരുന്നു.
സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകരുമായി ദിപു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നും, ആക്രമണം നടന്ന ദിവസം ഫാക്ടറിക്കുള്ളില്‍ സംഘര്‍ഷം രൂക്ഷമായിരുന്നുവെന്നും സഹോദരന്‍ അപു ചന്ദ്ര ദാസ് ധാക്ക ട്രിബ്യൂണിനോട് പറഞ്ഞു. ഉച്ചകഴിഞ്ഞ് ജോലി ഉപേക്ഷിക്കാന്‍ ദിപുവിനെ നിര്‍ബന്ധിതനാക്കിയതായും, പിന്നാലെ മതത്തെ അപമാനിച്ചെന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയില്‍ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. കൊല്‍ക്കത്ത ഉള്‍പ്പെടെ പശ്ചിമബംഗാളിലെ വിവിധ ജില്ലകളില്‍ ബുധനാഴ്ചയും ബിജെപിഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കൊല്‍ക്കത്തയെയും ദക്ഷിണ ബംഗാള്‍ ജില്ലകളെയും ബന്ധിപ്പിക്കുന്ന ഹൗറ പാലത്തില്‍ എത്തുന്നതിന് മുമ്പ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെ സംഘര്‍ഷം ഉണ്ടായി.
പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ഇടപെടല്‍ ശക്തമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിഷേധത്തിന്റെ പേരില്‍ സാധാരണ ജീവിതം തടസപ്പെടുത്താനോ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാനോ അനുവദിക്കില്ലെന്ന് ഹൗറ പൊലീസ് വ്യക്തമാക്കി.
ഡാര്‍ജിലിങ് ജില്ലയിലെ സിലിഗുരിയിലെ ഇന്തോബംഗ്ലാദേശ് അതിര്‍ത്തിയിലും നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ പെട്രാപോള്‍ഘോസദംഗ അതിര്‍ത്തിയിലും ബംഗ്ലാദേശിലേക്കുള്ള ചരക്ക് ട്രക്കുകള്‍ ഹിന്ദുത്വ സംഘടനകള്‍ തടഞ്ഞു. ‘സനാതനി ജാതിയോതബാദി മഞ്ച’ പ്രവര്‍ത്തകരാണ് ഘോസദംഗ അതിര്‍ത്തിയില്‍ റോഡ് ഉപരോധം നടത്തി ട്രക്കുകളുടെ ഗതാഗതം തടഞ്ഞത്.
News
ചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
413 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കര്‍ണാടക, ഝാര്‍ഖണ്ഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി
വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ ചേസുമായി കര്‍ണാടക. 413 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കര്‍ണാടക, ഝാര്‍ഖണ്ഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ 15 പന്ത് ബാക്കി നില്‍ക്കെയാണ് നിലവിലെ ചാമ്പ്യന്മാര്‍ ജയം ഉറപ്പിച്ചത്. ലിസ്റ്റ് എ ക്രിക്കറ്റിലെ രണ്ടാമത്തെ വലിയ റണ്‍ ചേസാണ് ഈ മത്സരത്തിലൂടെ രേഖപ്പെടുത്തിയത്. 2006-ല്‍ ജോഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്ക 436 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച റെക്കോഡാണ് ഇനി മുന്നിലുള്ളത്.
ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത കര്‍ണാടകക്കെതിരെ ഝാര്‍ഖണ്ഡ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 412 റണ്‍സ് നേടി. ശിഖര്‍ മോഹന്‍ (44), വിരാട് സിങ് (88), കുമാര്‍ കുശാഗ്ര (63) എന്നിവര്‍ ഉറച്ച അടിത്തറ ഒരുക്കി. ആറാം നമ്പറില്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. 33 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഇഷാന്‍, വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറി സ്വന്തമാക്കി. 39 പന്തില്‍ ഏഴ് ഫോറും 14 സിക്‌സും സഹിതം 125 റണ്‍സാണ് ഇഷാന്‍ നേടിയത്. കര്‍ണാടകക്കായി അഭിലാഷ് ഷെട്ടി നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ കര്‍ണാടക ഓപണര്‍മാര്‍ ശക്തമായ തുടക്കമെടുത്തു. മായങ്ക് അഗര്‍വാള്‍ (54) ദേവ്ദത്ത് പടിക്കല്‍ സഖ്യം 11.5 ഓവറില്‍ 114 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദേവ്ദത്ത് പടിക്കല്‍ 118 പന്തില്‍ 10 ഫോറും ഏഴ് സിക്‌സും സഹിതം 147 റണ്‍സ് നേടി തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ചു. കരുണ്‍ നായര്‍ (29), രവിചന്ദ്രന്‍ സ്മരണ്‍ (27), കൃഷ്ണന്‍ ശ്രീജിത്ത് (38) എന്നിവര്‍ പിന്തുണ നല്‍കി. അവസാന ഘട്ടത്തില്‍ അഭിനവ് മനോഹര്‍ (56*)യും ധ്രുവ് പ്രഭാകര്‍ (22 പന്തില്‍ 40*)യും ചേര്‍ന്ന് കര്‍ണാടകയെ ചരിത്ര ജയത്തിലേക്ക് നയിച്ചു.
സ്‌കോര്‍: ഝാര്‍ഖണ്ഡ് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 412, കര്‍ണാടക 47.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 413
kerala
മട്ടാഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയുടെ ആക്രമണം; രണ്ട് ജയില്‍ ഉദ്യോഗസ്ഥരുടെ കൈ ഒടിഞ്ഞു
അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരായ റിജുമോന്‍, ബിനു നാരായണന്‍ എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്.
കൊച്ചി: മട്ടാഞ്ചേരി സബ് ജയിലില്‍ കഴിയുന്ന റിമാന്‍ഡ് പ്രതി ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരായ റിജുമോന്‍, ബിനു നാരായണന്‍ എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇരുവരുടെയും വലതുകൈക്ക് ഒടിവുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന തന്‍സീര്‍ എന്നയാളാണ് ആക്രമണം നടത്തിയത്. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പ്രഭാതഭക്ഷണത്തിനു ശേഷം പുറത്തു നിന്നിരുന്ന പ്രതിയോട് സെല്ലിലേക്ക് തിരികെ പോകാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതോടെയാണ് ഇയാള്‍ പ്രകോപിതനായത്.
കുടിവെള്ള പാത്രത്തിന്റെ ഇരുമ്പ് മൂടി ഉപയോഗിച്ച് പ്രതി ആദ്യം റിജുമോണെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ബിനു നാരായണന്റെ കൈ പിടിച്ച് ശക്തമായി തിരിച്ചതോടെ അദ്ദേഹത്തിനും ഒടിവേറ്റു. ആക്രമണത്തിനിടെ പുറത്തെത്തിയാല്‍ ഇരുവരെയും കൊലപ്പെടുത്തുമെന്ന ഭീഷണിയും പ്രതി മുഴക്കിയതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
തോപ്പുംപടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് തന്‍സീറിനെ മട്ടാഞ്ചേരി സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രവേശിപ്പിച്ചത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ ബിഎന്‍എസ് 118 (2), 121 (2), 132, 351 (2) വകുപ്പുകള്‍ പ്രകാരം പുതിയ കേസും രജിസ്റ്റര്‍ ചെയ്തു.
india
ഓരോ കുഞ്ഞിനെയും ഏകദേശം 15 ലക്ഷം രൂപയ്ക്ക് വാങ്ങി വിൽക്കുന്ന അന്തർസംസ്ഥാന ശിശുകടത്ത് സംഘം പിടിയിൽ
ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞുങ്ങളെയാണ് സംഘത്തിന്റെ കയ്യിൽ നിന്ന് പൊലീസ് രക്ഷിച്ചത്.
ഹൈദരാബാദ്: സംസ്ഥാനങ്ങളിലുടനീളം ലക്ഷക്കണക്കിന് രൂപയ്ക്ക് കുഞ്ഞുങ്ങളെ അനധികൃതമായി വാങ്ങി വിൽക്കുന്ന അന്തർസംസ്ഥാന ശിശുകടത്ത് സംഘത്തെ തെലങ്കാന സൈബരാബാദ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീം പിടികൂടി. ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞുങ്ങളെയാണ് സംഘത്തിന്റെ കയ്യിൽ നിന്ന് പൊലീസ് രക്ഷിച്ചത്. ഓരോ കുഞ്ഞിനെയും ഏകദേശം 15 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നതായാണ് കണ്ടെത്തൽ.
കുട്ടികളില്ലാത്ത സമ്പന്നരായ ദമ്പതികളെയാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ദത്തെടുക്കൽ നിയമപരമാണെന്ന് തോന്നിപ്പിക്കാൻ വ്യാജ രേഖകളും സംഘം തയ്യാറാക്കിയിരുന്നു. ഈ ശൃംഖലയുമായി ബന്ധപ്പെട്ട് 12 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർക്കെതിരെ മുമ്പ് ഒന്നിലധികം സംസ്ഥാനങ്ങളിൽ സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അഹമ്മദാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നു കുഞ്ഞുങ്ങളെ ശേഖരിച്ച് ഹൈദരാബാദിലേക്ക് കൊണ്ടുവന്ന് വിൽക്കുന്ന രാജ്യവ്യാപക വിതരണ ശൃംഖലയാണ് സംഘം പ്രവർത്തിപ്പിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പിടിയിലാകുന്നതിന് മുമ്പ് ഹൈദരാബാദ് മേഖലയിലേത് മാത്രം 15 കുഞ്ഞുങ്ങളെയാണ് ഇവർ അനധികൃതമായി കൈമാറിയത്.
എട്ട് വ്യത്യസ്ത ആശുപത്രികളിലെ ജീവനക്കാരുമായും ഇടനിലക്കാരുമായും പ്രതികൾ ബന്ധം സ്ഥാപിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീം നടത്തിയ റെയ്ഡിൽ രണ്ട് ശിശുക്കളെ കടത്തുകാരിൽ നിന്ന് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളെ സർക്കാർ നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
അറസ്റ്റിലായവരിൽ പ്രധാന കിംഗ്പിന്നുകൾ, അന്തർസംസ്ഥാന ട്രാൻസ്പോർട്ടർമാർ, പ്രാദേശിക ആശുപത്രി ഏജന്റുമാർ എന്നിവരും ഉൾപ്പെടുന്നു. പണമിടപാടുകൾ കണ്ടെത്തുന്നതിനും സംഘത്തെ സഹായിച്ച മറ്റ് മെഡിക്കൽ പ്രൊഫഷണലുകളെ തിരിച്ചറിയുന്നതിനുമായി സൈബരാബാദ് പൊലീസ് ആശുപത്രി രേഖകളും ബാങ്ക് അക്കൗണ്ടുകളും വിശദമായി പരിശോധിച്ചുവരികയാണ്.
-
kerala2 days agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala2 days agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala1 day agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
News1 day agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
kerala2 days agoവളയാറിലെ ആളക്കൂട്ടക്കൊല കേരളത്തിന് അപമാനം -മുസ്ലീം ലീഗ്
-
News1 day agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
GULF2 days agoവിമാനനിരക്ക് വർധന കാരണം ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കി യുഎഇയിലെ പ്രവാസികൾ
-
kerala1 day agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
