Connect with us

News

മാനവികതയെ പരിഹസിക്കുന്ന ഇസ്രാഈല്‍ ക്രൂരത

EDITORIAL

Published

on

ഗസ്സ മുനമ്പിലേക്ക് സഹായവുമായി പുറപ്പെട്ട ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടില്ലക്ക് നേരെയുണ്ടായ ഇസ്രാഈല്‍ സൈനിക നടപടി, ലോക മനസ്സാക്ഷിക്കു മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. നിരായുധരായ സന്നദ്ധ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അടങ്ങുന്ന ഒരു കൂട്ടം മനുഷ്യര്‍, പതിറ്റാണ്ടുകളായി ഉപരോധത്തില്‍ ഞെരിഞ്ഞമരുന്ന ജനതക്ക് ആശ്വാസത്തിന്റെ കൈ നീട്ടം നല്‍കാന്‍ ശ്രമിച്ചപ്പോള്‍, അതിനെ ഇരുപതോളം പടക്കപ്പലുകളുടെ ഉരുക്കുമുഷ്ടികൊണ്ട് നേരിട്ടത് കേവലം സൈനിക നടപടിയായയല്ല കാണേണ്ടത്, മറിച്ച് മനുഷ്യത്വത്തിനെതിരായ കടുത്ത വെല്ലുവിളിയായിതന്നെയാണ് കരുതേണ്ടത്. അന്താരാഷ്ട്ര നിയമങ്ങളെയും മാനുഷിക പരിഗണനകളെയും കാറ്റില്‍പ്പറത്തുന്നതാണ് ഇസ്രാഈലിന്റെ ഈ കിരാത നടപടി.

ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടില്ലയുടെ ലക്ഷ്യം വ്യക്തമായിരുന്നു; യുദ്ധവും ഉപരോധവും തീര്‍ത്ത മുറിവില്‍ ഒറ്റപ്പെട്ടു പോയ ഫലസ്തീന്‍ ജനതക്ക് ഭക്ഷണവും മരുന്നും എത്തിക്കുക, ഒപ്പം ഗസ്സയിലെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ലോക ശ്രദ്ധ ക്ഷണിക്കുക. എന്നാല്‍ സമാധാനപരമായ ഈ ഉദ്യമത്തെ ഇസ്രാഈല്‍ കണ്ടത് സുരക്ഷാ ഭീഷണിയായാണ്. ബോട്ടുകള്‍ ബലമായി പിടിച്ചെടുക്കുകയും ആഗോള പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ് അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകരെ തടവിലാക്കുകയും ചെയ്ത നടപടി, തങ്ങളുടെ ക്രൂരമായ ഉപരോധം ലോകത്തിനുമുന്നില്‍ തുറന്നു കാട്ടപ്പെടുമോ എന്ന ഭയത്തില്‍ നിന്നാണ് ഉടലെടുക്കുന്നത്. ഫ്‌ലോട്ടില്ലയിലെ ഒരു കപ്പലിനെ കടലില്‍ വെച്ച് ഇടിച്ചതും മറ്റു ബോട്ടുകള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചതും ഈ ഭയത്തിന്റെ പ്രതിഫലനമാണ്. തങ്ങള്‍ തീര്‍ത്ത തുറന്ന ജയിലിലേക്ക് ഒരു തരി സഹായം പോലും എത്തരുതെന്ന നിര്‍ബന്ധബുദ്ധിയാണ് ഈ ആക്രമണത്തില്‍ ഉടനീളം നിഴലിക്കുന്നത്.
ഇസ്രാഈലിന്റെ നടപടി പല സുപ്രധാന ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. അന്താരാഷ്ട്ര സമുദ്രപാതയിലൂടെ സഞ്ചരിക്കാനുള്ള ഒരു കൂട്ടം സിവിലിയന്‍ കപ്പലുകളുടെ അവകാശത്തെ ഒരു സൈനിക ശക്തിക്ക് എപ്രകാരം ഇല്ലാതാക്കാന്‍ കഴിയും ഒരു ജനതയെ ഒന്നടങ്കം ശിക്ഷിക്കുന്ന ‘കൂട്ടശിക്ഷ’യായ ഗസ്സ ഉപരോധം നിയമവിരുദ്ധമാണെന്ന് ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള വേദികള്‍ ആവര്‍ത്തിക്കുമ്പോഴും, ആ ഉപരോധം ഭേദിക്കാനുള്ള മാനുഷിക ശ്രമങ്ങളെപ്പോലും കടല്‍ക്കൊള്ളയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ അടിച്ചമര്‍ത്തുന്നത് എന്ത് നിയമത്തിന്റെ പിന്‍ബലത്തിലാണ് സുരക്ഷയുടെ പേര് പറഞ്ഞ് ഏത് നിയമലംഘനവും നടത്താന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന ഇസ്രാഈലിന്റെ ധാര്‍ഷ്ട്യമാണ് ഇവിടെ പ്രകടമാകുന്നത്.

പായ്ക്കപ്പലുകളും ബോട്ടുകളുമുപയോഗിച്ച് ഗസ്സയിലേക്ക് സഹായം എത്തിക്കാന്‍ ശ്രമിക്കുന്ന സംഘടനയാണ് ജി.എസ്.എഫ്. 44 ബോട്ടുകളുള്ള ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടിലയില്‍ 500 ലധികം ആക്ടിവിസ്റ്റുകളാണുള്ളത്. ഗസ്സ തീരത്ത് നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ഇസ്രാഈല്‍ നാവികസേന ഫ്‌ളോട്ടില്ലയെ തടഞ്ഞത്. വ്യാഴാഴ്ച രാവിലെയോടെ ഗസ്സയില്‍ എത്തുമെന്നായിരുന്നു സംഘം പ്രതീക്ഷിച്ചിരുന്നത്. ഇസ്രാഈല്‍ ഫ്‌ളോട്ടില്ലയെ തടഞ്ഞതില്‍ ലോകത്താകമാനം വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ജീവകാരുണ്യ സഹായം നല്‍കാന്‍ നിരായുധരായി പുറപ്പെട്ട സംഘത്തെ അന്താരാഷ്ട്ര സമദ്രാതിര്‍ത്തിയില്‍ തടഞ്ഞത് ആഗോള നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഫ്‌ലോട്ടില സംഘാടകര്‍ കുറ്റപ്പെടുത്തി. ഗ്രീസ്, ഇറ്റലി, ടുണീഷ്യ, തുര്‍ക്കി എന്നിവിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നു. റോം, ബ്രസല്‍സ്, ഇസ്തംബൂള്‍ നഗരങ്ങളില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. രാജ്യവ്യാപക ബന്ദിന് ഇറ്റലിയിലെ പ്രധാന തൊഴിലാളി യൂണിയന്‍ ആഹ്വാനം ചെയ്തു. ഫ്‌ലോട്ടില തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന് യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസ് വ്യക്തമാക്കി കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ രാജ്യത്ത് അവശേഷിക്കുന്ന എല്ലാ ഇസ്രാഈലി നയതന്ത്രജ്ഞരെയും പുറത്താക്കുകയും സംഭവത്തെ നെതന്യാഹുവിന്റെ അന്താരാഷ്ട്ര കുറ്റകൃത്യം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 2020 മുതല്‍ നിലവിലുള്ള ഇസ്രാഈലുമായുള്ള കൊളംബിയയുടെ സ്വതന്ത്ര വ്യാപാര കരാറും പെട്രോ റദ്ദാക്കി. ഫ്‌ലോട്ടില്ലയിലുണ്ടായിരുന്ന രണ്ട് കൊളംബിയക്കാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.

ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ല പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഗസ്സ പട്ടിണിയിലും ഒറ്റപ്പെടലിലും തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ അധിനിവേശ ശക്തി ഏതറ്റം വരെയും പോകുമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. ലോകമെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും, പ്രമുഖ ലോക ശക്തികള്‍ പാലിക്കുന്ന അര്‍ത്ഥഗര്‍ഭമായ മൗനം നിരാശാജനകമാണ്. ഈ മൗനമാണ് ഇത്തരം നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇസ്രാഈലിന് പ്രചോദനമാകുന്നത്. ഇത് കേവലം കുറച്ച് ബോട്ടുകള്‍ പിടിച്ചെടുത്തതിന്റെ മാത്രം പ്രശ്നമല്ല മറിച്ച്, ഒരു ജനതയുടെ അതിജീവനത്തിനുള്ള അവകാശത്തെയും അവര്‍ക്ക് സഹായമെത്തിക്കാനുള്ള ലോകത്തിന്റെ ശ്രമങ്ങളെയും നിഷേധിക്കുന്നതിനെക്കുറിച്ചുള്ളതാണ്. തടവിലാക്കപ്പെട്ട സന്ന ദ്ധപ്രവര്‍ത്തകരുടെ മോചനത്തിനും പിടിച്ചെടുത്ത ബോട്ടുകള്‍ വിട്ടുകിട്ടുന്നതിനും അപ്പുറം, ഗസ്സയിലെ മനുഷ്യത്വരഹിതമായ ഉപരോധം അവസാനിപ്പിക്കാനുള്ള ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദമാണ് ഇനി ഉയരേണ്ടത്. അല്ലെങ്കില്‍, സമാധാനത്തിന്റെ വെള്ളക്കൊടി ഉയര്‍ത്തി വരുന്ന കപ്പലുകളെ യുദ്ധക്കപ്പലുകള്‍ കൊണ്ട് നേരിടുന്ന ദുരന്ത ചിത്രം ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും. ഗസ്സയുടെ കണ്ണീരിന് അറുതിവരുത്താന്‍ ലോകം ഇനിയെങ്കിലും ഒരുമിക്കേണ്ടിയിരിക്കുന്നു.

kerala

ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം

മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.

Published

on

ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.

ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.

തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.

 

Continue Reading

kerala

അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

Published

on

അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending