main stories
പ്രോസിക്യൂഷനല്ല സര്‍ക്കാറാണ് പരാജയം
EDITORIAL
കേരളം കാതുകൂര്‍പ്പിച്ച് കാത്തിരുന്ന, നടിയെ ആക്രമിച്ച കേസിലെ വിധിപ്രസ്താവം ഏറെ നിരാശാചനകവും പ്രോസിക്യൂഷന്റെ സമ്പൂര്‍ണപരാജയത്തിനുള്ള തെളിവുമായിത്തീര്‍ന്നിരിക്കുകയാണ്. കുറ്റംചുമത്തപ്പെട്ടതിലെന്നപോലെ ശിക്ഷാവിധിയിലും ഇരക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും പ്രതികള്‍ സംരക്ഷിക്കപ്പെട്ടുവെന്നുമുള്ള സന്ദേശമാണ് സമുഹത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്. പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കു ന്ന ശിക്ഷാവിധിയാണെന്നുമുള്ള കേസിലെ പബ്ലിക് പ്രൊസിക്യൂട്ടറുടെ അഭിപ്രായംതന്നെ ഈ വസ്തുത സാക്ഷ്യപ്പെടുത്തുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആസുരമായ ഈ കാലത്ത് ഇത്രയും പ്രമാദമായൊരു കേസിലെ ഇങ്ങനെയൊരു വിധി ഒരുദുസ്വപ്നംപോലെയാണ് കേരളീയ സമൂഹത്തിന് അനുഭവപ്പെടുന്നത്. പ്രണയത്തിന്റെ പേരില്‍ മലയാറ്റൂരില്‍ വിദ്യാര്‍ത്ഥിനിയെ കല്ലുകൊണ്ട് തലക്കടിച്ച് കുത്തിക്കൊല പ്പെടുത്തിയതിന്റെ നടുക്കംവിട്ടുമാറുന്നതിന്റെ മുമ്പാണ് ഈ വിധിന്യായമുണ്ടായിരിക്കുന്നതെന്ന പരിപ്രേക്ഷ്യത്തില്‍ വിശേഷിച്ചും. എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം തടവും 50,000 പിഴയുമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്റണി മകന്‍ മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കുതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി.പി.വിജീഷ്, അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരാണ് ശിക്ഷാവിധിക്ക് വിധേയരായിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും ലഭിച്ചത് അവര്‍ക്കുമേല്‍ ചുമത്തപ്പെട്ട കുറ്റം തെളിഞ്ഞാല്‍ ലഭിക്കാവുന്ന ഏറ്റവും ചുരുങ്ങിയ ശിക്ഷ മാത്രമാണെന്നത് പ്രോസിക്യൂഷനും സര്‍ക്കാറിനും വരുത്തി വെച്ചിരിക്കുന്നത് ചില്ലറ നാണക്കേടൊന്നുമല്ല. ഐപിസി 376 (ഡി) പ്രകാരം, കൂട്ടബലാത്സംഗക്കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് ലഭിക്കുന്ന ഏറ്റവും ചുരുങ്ങിയ ശിക്ഷ 20 വര്‍ഷം തടവാണ്. പരമാവധി ശിക്ഷ ജീവപര്യന്തവും. വിചാരണ തടവ് ഒഴിച്ചുള്ള ശിക്ഷ അനുഭവിച്ചാല്‍ മതിയാകുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സുനിക്ക് പരമാവധി എട്ട് അല്ലെങ്കില്‍ ഒന്‍പത് കൊല്ലം ശിക്ഷയാകും അനുഭവിക്കേണ്ടിവരിക. പരോള്‍, മറ്റ് അവധി ദിവസങ്ങള്‍ തുടങ്ങിയവ ശിക്ഷാകാലയളവില്‍നിന്ന് കുറയ്ക്കപ്പെടും. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകള്‍ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നുമാണ് ജഡ്ജി വ്യക്ത മാക്കിയിരിക്കുന്നത്. പിഴത്തുക അതിജീവിതയ്ക്ക് കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനും പൊലീസിനും കഴിയാതിരുന്നതിന്റെ നഖചിത്രമാണ് കോടതി വിധിയില്‍ ദൃശ്യമായിരിക്കുന്നത്. കുറ്റംചുമത്തപ്പെട്ടപ്പോഴും ശി ക്ഷാവിധിയിലുമെല്ലാം ദുഃഖവും നിരാശയും പ്രകടിപ്പിക്കുന്ന ഭരണകൂടം ഇപ്പോള്‍ ഒഴുക്കിക്കൊണ്ടിരിക്കുന്നത് മുതലക്കണ്ണീരാണെന്നത് ഈ കേസിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ കൃത്യമായി ബോധ്യപ്പെടാവുന്നതേയുള്ളൂ.
കേസിന്റെ തുടര്‍ അന്വേഷണവും വിചാരണയും നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കെ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി വലിയ ചര്‍ച്ചയായിരുന്നു. വിചാരണ കോടതിയില്‍ നിന്നുള്ള മോശം അനുഭവങ്ങളുടെ പേരില്‍ രണ്ടാമത്തെ സ്‌പെഷല്‍ പ്രോസിക്യൂട്ടറും രാജിവച്ചപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞായിരുന്നു മുന്നാമതൊരാളെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറായത്. നിയമനം വൈകുന്നതിനെതിരെ അതിജീവിതയെ പിന്തുണക്കുന്നവര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ആരാകണമെന്ന് അതിജീവിത നിര്‍ദേശിക്കട്ടേയെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. ആക്രമണത്തിനിരയായ ആള്‍ക്ക് നീതി ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്, ആ ഉത്തരവാദിത്തം അതിജീവിതയുടെ തലയില്‍കെട്ടി വച്ച് ഒഴിഞ്ഞു മാറുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. കേസില്‍ കോടതിയിലേക്കും അഭിഭാഷകരിലേക്കും അന്വേഷണം നീളുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണവും അതിജീവിതയെ പിന്തുണ നല്‍കുന്നവര്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശി നിയമിതനായതിന് പിന്നാലെ ഈ കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് ഇതിന്റെ തെളിവായി അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. കേസില്‍ ഗൂഢാലോചനയില്ലെന്ന് അന്വേഷണഘട്ടത്തില്‍ ആദ്യം പറഞ്ഞത് ആഭ്യന്തര വകുപ്പിന്റെ തലവന്‍ കൂടിയായ മുഖ്യമന്ത്രിയായിരുന്നു. ചുരുക്കത്തില്‍ സ്ത്രീസുരക്ഷയെക്കുറിച്ച് വലിയ വായില്‍ സംസാരിക്കുന്ന ഈ സര്‍ക്കാറിന് അക്കാര്യത്തില്‍ എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടെന്നതിനുള്ള തെളിവാണ് നടിയെ ആക്രമിച്ച കേസിലെ സംഭവവികാസങ്ങള്‍.
kerala
ചൂരല്‍മല ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ഇപ്പോഴും സര്‍ക്കാരിനായിട്ടില്ല; UDFന് അനുകൂലമായ വിധിയെഴുത്ത് വയനാട്ടിലുണ്ടാകും; ടി സിദ്ദിഖ് MLA
ശബരിമല വിഷയവും ബ്രഹ്‌മഗിരി വിഷയവും വലിയ ചര്‍ച്ചയായെന്നും സര്‍ക്കാരിനെതിരായ ജനവിധിയാണ് സംഭവിക്കുകയെന്നും ടി സിദ്ദിഖ് പറഞ്ഞു.
യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് വയനാട്ടില്‍ ഉണ്ടാകുമെന്ന് ടി സിദ്ദിഖ് എംഎല്‍എ. ശബരിമല വിഷയവും ബ്രഹ്‌മഗിരി വിഷയവും വലിയ ചര്‍ച്ചയായെന്നും സര്‍ക്കാരിനെതിരായ ജനവിധിയാണ് സംഭവിക്കുകയെന്നും ടി സിദ്ദിഖ് പറഞ്ഞു. യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണ്. ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ഇപ്പോഴും സഹായം എത്തിക്കാന്‍ സര്‍ക്കാരിനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വയനാട് ദുരന്തബാധിതര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് വീട് നിര്‍മിക്കുന്ന സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ ഈ മാസം നടത്തുമെന്ന് ടി സിദ്ദിഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥലത്തിന്റെ അഡ്വാന്‍സ് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 28ന് കോണ്‍ഗ്രസ് ജന്മദിനത്തില്‍ വീടുകളുടെ നിര്‍മ്മാണം തുടങ്ങാനാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെ ഭൂമി തോട്ടഭൂമിയല്ലെന്നും അക്കാര്യം പാര്‍ട്ടി പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ദുരന്തബാധിതരെയും കോണ്‍ഗ്രസ് ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്‌മഗിരി, ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. സംസ്ഥാന നേതൃത്വം ശബരിമല കൊള്ള നടത്തുമ്പോള്‍ ജില്ല കമ്മിറ്റി ബ്രഹ്‌മഗിരി കൊള്ള നടത്തുകയാണെന്നും സിദ്ദീഖ് പറഞ്ഞു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് വലിയ വിജയം പ്രതീക്ഷിക്കുന്നുവെന്ന് സണ്ണി ജോസഫ്
ര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സണ്ണി ജോസഫ് പറഞ്ഞു.
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഏഴ് വടക്കന്‍ ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് ഇന്ന് ബൂത്തിലെത്തുന്നത്. ഏഴ് തെക്കന്‍ ജില്ലകളിലെ വോട്ടെടുപ്പ് ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. വടക്കന്‍ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
അതേസമയം യുഡിഎഫ് വലിയ പ്രതീക്ഷയിലാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സണ്ണി ജോസഫ് പറഞ്ഞു.
‘ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാകും. പ്രതികള്‍ക്ക് സിപിഎം സംരക്ഷണം നല്‍കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ട അതേ ട്രെന്‍ഡാണ് ഉള്ളതെന്നും മലബാറില്‍ പോളിങ് ഊര്‍ജിതമായിരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നല്ല ആവേശമുണ്ട്. 10 കൊല്ലമായി അനുഭവിക്കുന്ന വിഷമങ്ങള്‍ ഏറ്റെടുത്ത് ജനം വോട്ടു ചെയ്യും. ശബരിമല വിഷയവും ജനം ഗൗരവത്തോടെ എടുക്കും. കോര്‍പറേഷനുകളില്‍ യുഡിഎഫ് തിരിച്ചുവരും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
kerala
‘കോര്‍പറേഷനുകളില്‍ യുഡിഎഫ് വരും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും’
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് ഇന്ന് ബൂത്തിലെത്തുന്നത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.
പി.കെ കുഞ്ഞാലിക്കുട്ടിയും വോട്ട് ചെയ്തു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ട അതേ ട്രെൻഡാണ് ഉള്ളതെന്നും മലബാറിൽ പോളിങ് ഊർജിതമായിരിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘ നല്ല ആവേശമുണ്ട്. 10 കൊല്ലമായി അനുഭവിക്കുന്ന വിഷമങ്ങൾ ഏറ്റെടുത്ത് ജനം വോട്ടു ചെയ്യും. ശബരിമല വിഷയവും ജനം ഗൗരവത്തോടെ എടുക്കും. കോർപറേഷനുകളില്‍ യുഡിഎഫ് തിരിച്ചുവരും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും’’–കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഏഴ് തെക്കന്‍ ജില്ലകളിലെ വോട്ടെടുപ്പ് ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. വടക്കന്‍ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിങ്.
72,46,269 പുരുഷന്മാരും 80,90,746 സ്ത്രീകളും 161 ട്രാന്‍സ് ജെന്റേഴ്സും 3293 പ്രവാസി വോട്ടര്‍മാരും അടക്കം 153 കോടി വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. 18.974 പുരുഷന്മാരും, 20,020 വനിതകളും ഉള്‍പ്പെടെ ആകെ 38,994 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്ക് 28,274, ബ്ലോക്ക് പഞ്ചായത്തിലേക്ക് 3742, ജില്ലാ പഞ്ചായത്തിലേക്ക് 681, മുനിസിപ്പാലിറ്റികളിലേക്ക് 5540, കോര്‍പ്പറേഷനുകളിലേക്ക് 751 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണം.
18,274 പോളിംഗ് ബൂത്തുളാണ് രണ്ടാംഘട്ടത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 2055 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. തൃശൂര്‍-11, പാലക്കാട്-180, മലപ്പുറം- 295, കോഴിക്കോട്-166, വയനാട് 189, കണ്ണൂര്‍- 1025, കാസര്‍കോട് -119 എന്നിങ്ങനെയാണ് പ്രശ്നബാധിത ബൂത്തുകള്‍. ഇവിടങ്ങളില്‍ വെബ്കാസിംഗ് ഏര്‍ പ്പെടുത്തിയിട്ടുണ്ട്. കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 10,274 കണ്‍ട്രോള്‍ യൂണിറ്റും 49,019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2631 കണ്‍ട്രോള്‍ യൂണിറ്റും 6943 ബാലറ്റ് യൂണിറ്റും റിസര്‍വായി കരുതിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടമാരുള്ളത് മലപ്പുറത്താണ്. 36.10 ലക്ഷം. കുറവ് വയനാട് ജില്ലയിലാണ് 6.47 ല 20. തൃശൂര്‍-27.54 ലക്ഷം, പാലക്കാട്-24.33 ലക്ഷം, കോഴിക്കോട്-26.82 ലക്ഷം , കണ്ണൂര്‍-20.88 ലക്ഷം, കാസര്‍കോട്-11.11 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വോട്ടര്‍മാര്‍.
-
india3 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india1 day agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
kerala3 days agoവ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു; സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്
-
india1 day agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
