റോം: ഇറ്റലിയില്‍ ഭരണഘടനാ ഭേദഗതി സംബന്ധിച്ച് ഹിതപരിശോധന പൂര്‍ത്തിയായപ്പോള്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയുടെ ഭാവി തുലാസിലെന്ന് സൂചന. സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങി പ്രയാസപ്പെടുന്ന ഇറ്റാലിയന്‍ ജനത ഭരണകൂടത്തിനെതിരെ വിധിയെഴുതാന്‍ കിട്ടിയ അവസരമായാണ് ഹിതപരിശോധനയെ കാണുന്നത്. ഭരണഘടനാ പരിഷ്‌കരണങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞാല്‍ രാജിവെക്കുമെന്ന് റെന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്. ഹിതപരിശോധന ഫലം ഭരണകൂടത്തിന് എതിരാണെങ്കില്‍ ഇറ്റലിയുടെ രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ വന്‍ പ്രത്യാഘാതമുണ്ടാകും.
യൂറോപ്യന്‍ ഓഹരി വിപണികളെയും അത് ബാധിക്കും. യൂറോയുടെ ഭാവിയും അപകടത്തിലാകുമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു. അഭിപ്രായ സര്‍വേകള്‍ ശരിയാണെങ്കില്‍ ഹിതപരിശോധനാ ഫലം റെന്‍സി എതിരായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇറ്റാലിയന്‍ പാര്‍ലമെന്റ് ഘടന പൊളിച്ചെഴുതുന്നതാണ് റെന്‍സിയുടെ പ്രധാന പരിഷ്‌കരണ നിര്‍ദേശം. ഇതുപ്രകാരം നിയമ നിര്‍മാണ അധികാരം പാര്‍ലമെന്റിന്റെ അധോസഭയില്‍ മാത്രമായി ഒതുങ്ങും. ഉപരിസഭ(സെനറ്റ്) പ്രാദേശിക അധികാരികളെ പ്രതിനിധീകരിക്കുന്ന ബോഡിയായി ചുരുങ്ങും.

സെനറ്റര്‍മാരുടെ അംഗം 315ല്‍നിന്ന് നൂറായി കുറക്കും. കേന്ദ്ര ഭരണകൂടത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയും പ്രാദേശിക അധികാരസ്ഥാപനങ്ങളെ നിര്‍വീര്യമാക്കുകയും ചെയ്യുന്നതാണ് രണ്ടാമത്തെ പരിഷ്‌കരണ നിര്‍ദേശം. ഇവ രണ്ടും അധികാര കേന്ദ്രീകരണത്തിന് കാരണമാവുകയും സെനറ്റിന്റെ ജനാധിപത്യ ചുമതലകള്‍ കുറക്കുകയും ചെയ്യുമെന്ന് വിമര്‍ശകര്‍ പറയുന്നു. ഭരണഘടനാ പരിഷ്‌കരണത്തെ എതിര്‍ക്കുന്നവര്‍ക്കാണ് ഹിതപരിശോധനയില്‍ മുന്‍തൂക്കമെന്ന് അഭിപ്രായ സര്‍വേകളെല്ലാം പറയുന്നു.

 

റെന്‍സിയുടെ പരാജയം കടക്കെണിയില്‍ കുടുങ്ങിയ 2011ലെ കറുത്ത നാളുകളിലേക്ക് രാജ്യത്തെ തിരിച്ചെത്തിക്കുമോ എന്ന് നിക്ഷേപകര്‍ ഭയക്കുന്നുണ്ട്. ഇറ്റലിയുടെ വായ്പാ തിരിച്ചടവിന്റെ കാര്യത്തില്‍ റെന്‍സി യൂറോപ്യന്‍ കമ്മീഷനുമായി ധാരണയിലെത്തിയിരുന്നു. അദ്ദേഹം പുറത്തുപോകുകയാണങ്കില്‍ അത്തരം കരാറുകളും അപകടത്തിലാകും. ഭരണകൂടം രാജിവെക്കുന്നതോടെ രാജ്യത്ത് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടിവരും. രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന ഇറ്റലിക്ക് ഇനിയൊരു തെരഞ്ഞെടുപ്പ് താങ്ങാനാവില്ല.
2011ല്‍ സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം രാജിവെച്ചതിനുശേഷം ഇറ്റലി മൂന്ന് സര്‍ക്കാറുകളെ പരീക്ഷിച്ചിട്ടുണ്ട്.