കോഴിക്കോട്: മതേതരത്വത്തിന്റെ പ്രതീകവും അയ്യപ്പ ഭക്തരുടെ വിശുദ്ധ കേന്ദ്രവുമായ ശബരിമലയെ മറയാക്കി മുതലെടുപ്പ് നടത്താനുള്ള സി.പി.എംബി.ജെ.പി ഒത്തുകളിയുടെ പുതിയ തെളിവാണ് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് സമരാഹ്വാനത്തിന് പൊലീസ് മൈക്ക് കൈമാറിയതെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആരോപിച്ചു. നട തുറക്കുമ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ് സന്നാഹം ശക്തിപ്പെടുത്തുന്ന സര്‍ക്കാര്‍ ബി.ജെ.പി നേതാക്കള്‍ക്ക് തോന്നും പോലെ കാര്യങ്ങള്‍ ചെയ്യാന്‍ സൗകര്യം ചെയ്യുകയാണ്.
ശബരിമലയിലെത്തുന്ന വിശ്വാസ ലക്ഷങ്ങളില്‍ സംഘ്പരിവാറിനെ അനുകൂലിക്കുന്നവര്‍ വളരെ തുച്ഛമാണ്. സുപ്രീം കോടതി വിധിയിലേക്ക നയിച്ച സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ വിശ്വാസികളെ അവഗണിക്കുന്ന സി.പി.എം നിലപാടും കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത ബി.ജെ.പിയും വിശ്വാസികളെ കബളിപ്പിക്കാനായി പിന്നീട് കരണം മറിയുകയായിരുന്നു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരന്‍ പിള്ളയുടെ സംഘര്‍ഷം ഏറ്റെടുക്കുന്ന വെളിപ്പെടുത്തലിന് ശേഷവും വാചക കസര്‍ത്തിന് അപ്പുറം പോകാന്‍ സര്‍ക്കാറിന് ആകുന്നില്ല. ആര്‍.എസ്.എസ് നേതാവ് ശബരിമല സന്നിധാനത്ത് പൊലീസ് മൈക്ക് ഉപയോഗിച്ച് സംസാരിക്കുന്നതും ക്രമസമാധാനം നിയന്ത്രിക്കുന്നതും തിരശ്ശീലക്ക് പിന്നിലെ ഒത്തുകളി വ്യക്തമാക്കുന്നതാണെന്നും കെ.പി.എ മജീദ് പറഞ്ഞു.