ദുബായ്: യുഎഇയില്‍ സെപ്തംബര്‍ 19 ന് ആരംഭിക്കുന്ന ഐപിഎല്ലിനായി ഒരുങ്ങുകയാണ് ടീമുകളെല്ലാം. യുഎഇയില്‍ ഇതിനകം എത്തിയവര്‍ പരിശീലനം ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിനിടയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രധാന പോരാളിയായ രവീന്ദ്ര ജഡേജ വര്‍ക്കൗട്ട് നടത്തുന്ന ഒരു ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മലയാളം പാട്ടിനൊത്താണ് ജഡേജയുടെ വര്‍ക്കൗട്ട് എന്നതാണ് പ്രത്യേകത.

https://www.instagram.com/p/CEO0SRugH2N/?utm_source=ig_web_copy_link

മലയാളികള്‍ നെഞ്ചിലേറ്റിയ പള്ളിവാള് ഭദ്രവട്ടകം എന്ന പാട്ടിനൊപ്പമാണ് ജഡേജയുടെ വര്‍ക്കൗട്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ജഡേജയുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. യുഎഇയില്‍ ഇന്ത്യക്കാരില്‍ ഏറ്റവും അധികം മലയാളികളാണ്. ഇത്തവണ യുഎഇയില്‍ കളി നടക്കുമ്പോള്‍ സ്‌റ്റേഡിങ്ങളിലേക്ക് ഇരച്ചെത്തേണ്ടവരായിരുന്നു മലയാളികള്‍. എന്നാല്‍, കോവിഡിനെ തുടര്‍ന്ന് ആരാധകരില്ലാതെയാകും മത്സരങ്ങള്‍ നടക്കുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

തുടക്കത്തില്‍ ആരാധകരെ ഒഴിവാക്കുമെങ്കിലും ലീഗ് പുരോഗമിക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യത്തില്‍ യുഎഇയും ബിസിസിഐയും ആലോചന നടത്തും. യുഎഇയില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നതിനാല്‍ സാമൂഹിക അകലം പാലിച്ച് ആരാധകരെ പ്രവേശിപ്പിക്കാനാണ് ആലോചന.