ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ദിനകരവിഭാഗം നേതാവ് പി.വെട്രിവേലാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ആശുപത്രിയില്‍ കഴിയുന്ന ജയലളിത ജ്യൂസ് കുടിക്കുന്നതാണ് വിഡിയോ. തികഞ്ഞ ബോധത്തോടെ ആശുപത്രിമുറിയില്‍ കിടന്ന് പരസഹായമില്ലാതെ ജയലളിത ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യം പകര്‍ത്തിയ കാലയളവ് ഏതെന്ന് വ്യക്തമല്ല. ജയലളിതയുടെ ആശുപത്രിവാസം സംബന്ധിച്ച് പല അഭ്യൂഹങ്ങളാണ് രാജ്യമാകെ പരന്നത്. ഇതൊക്കെ തള്ളിക്കളയുകയാണ് ദിനകരന്‍ പക്ഷത്തിന്റെ ലക്ഷ്യം.

ജയലളിത ആശുപത്രിയില്‍ കഴിഞ്ഞത് പൂര്‍ണബോധത്തോടെയാണെന്നും കൂടുതല്‍ ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്നും വെട്രിവേല്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ആര്‍കെ നഗര്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നിര്‍ണായക നീക്കവുമായി ടി.ടി.വി.ദിനകരന്‍ വിഭാഗം രംഗത്തെത്തിയത് തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും എന്നതാണ് തമിഴകം രാഷ്ട്രീയം ഉറ്റുനോക്കുന്നത്.  സര്‍ക്കാരിനടക്കം അഭിമാന പോരാട്ടമായി തിരഞ്ഞെടുപ്പിന്റെ തലേന്ന് ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ ആര്‍.കെ നഗറില്‍ പുതിയ വെല്ലുവിളികള്‍ ഉയരുകയാണ്.

വീഡിയോ കടപ്പാട് മാതൃഭൂമി