ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്ന തമിഴ്ജനതക്ക് പിന്തുണയുമായി തമിഴകത്തിന്റെ പ്രിയതാരങ്ങളെല്ലാം രംഗത്ത്. വിക്രം,സൂര്യ,വിജയ്, ധനുഷ് തുടങ്ങിയവരെല്ലാം ജെല്ലിക്കെട്ട് നിരോധനത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായെത്തി.

പരീക്ഷയില്‍ ആരെങ്കിലും കോപ്പിയടിച്ചാല്‍ ഉടന്‍തന്നെ ആരെങ്കിലും പരീക്ഷ നിരോധിക്കുമോ എന്നായിരുന്നു നടന്‍ സൂര്യയുടെ പ്രതികരണം. ജെല്ലിക്കെട്ട് നിരോധനത്തിന് പ്രതിഷേധിക്കുന്നവര്‍ ഒറ്റക്കല്ല, ഇത് അവരുടെ വികാരമാണ്. അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും സൂര്യ വ്യക്തമാക്കി. അതേസമയം, ജെല്ലിക്കെട്ട് നിരോധിക്കണമെന്ന ആവശ്യമുള്ള പെറ്റ സംഘടനക്ക് ജനമനസ്സിലുള്ള സ്വാധീനം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

danush

പരമ്പരാഗത വിനോദമാണ് ജെല്ലിക്കെട്ട്. അത് തിരിച്ചെത്തണമെന്നാണ് തന്റെ അഭിപ്രായമെന്ന് നടന്‍ വിക്രം പറഞ്ഞു. ജനകീയ പ്രതിഷേധങ്ങള്‍ വിജയത്തിലെത്തുമെന്ന പ്രതീക്ഷയുണ്ടെന്നും വിക്രം കൂട്ടിച്ചേര്‍ത്തു. ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും നിരോധിക്കാനുള്ള നീക്കത്തിനെതിരെ ചെറുക്കുന്ന യുവാക്കള്‍ക്ക് അഭിനന്ദനങ്ങളും വിജയ് അറിയിച്ചു. പെറ്റ സംഘടന നീക്കം ചെയ്യുന്നതിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കും വിജയ് പിന്തുണ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ജെല്ലിക്കെട്ട് വിഷയത്തില്‍ പ്രതകരിച്ച് വിജയ് രംഗത്തെത്തിയിരിക്കുന്നത്. തമിഴ് ജനതയുടെ വികാരമായ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കള്‍ക്ക് പിന്തുണ ധനുഷും അറിയിച്ചു.

trisha-kamal-haasan

നേരത്തെ ജെല്ലിക്കെട്ട് നിരോധനത്തെ പിന്തുണച്ച് നടി തൃഷ രംഗത്തെത്തിയിരുന്നു. തൃഷക്കെതിരെ പിന്നീട് വന്‍വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പിന്നീട് തൃഷയെ പിന്തുണച്ച് നടന്‍ കമല്‍ഹാസനും രംഗത്തെത്തിയിരുന്നു. തൃഷയും ജെല്ലിക്കെട്ടും നമ്മുടേതാണെന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണം.