ചെന്നൈ: ജെല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന് നടന്‍ കമല്‍ഹാസന്‍. ജെല്ലിക്കെട്ട് വിഷയത്തില്‍ വാര്‍ത്താസമ്മേളനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെല്ലിക്കെട്ട് സമരത്തിനിടെ പ്രക്ഷോഭകര്‍ക്ക് നേരെയുള്ള പോലീസ് അതിക്രമം ഞെട്ടിച്ചു. സംസ്ഥാനത്ത് സംഭവിക്കുന്നതെന്തെന്ന് തനിക്ക് മനസിലായില്ലന്നും അദ്ദേഹം പറയുന്നു. സാധാരണക്കാര്‍ ഏതു നിമിഷവും അക്രമങ്ങള്‍ക്ക് ഇരയാകുമെന്നതാണ് ഇതില്‍ നിന്നു മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മദമിളകിയ ആനകളുടെ കുത്തേറ്റ് വര്‍ഷത്തില്‍ എത്രയോ പേര്‍ മരിക്കുന്നു. എത്രയോ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നു. എന്നിട്ടും അവ നിരോധിക്കുന്നില്ല. വെടിക്കെട്ടും, ചെണ്ടക്കൊട്ടും നിരോധിക്കുന്നില്ല. പിന്നെയെന്തിനാണ് തമിഴ്‌നാട്ടില്‍ മാത്രം ജെല്ലിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത്. ജെല്ലിക്കെട്ട് നിരോധിക്കണമെന്നത് അംഗീകരിക്കാനാകില്ല. ജെല്ലിക്കെട്ട് കഴിഞ്ഞാല്‍ പിന്നീട് വര്‍ഷം മുഴുവന്‍ ഈ കാളകളെ നല്ലപോലെ ഭക്ഷണവും മറ്റും കൊടുത്ത് നന്നായി പരിപാലിക്കുകയാണ് ചെയ്യുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു. മൃഗങ്ങളെ സംരക്ഷിക്കാന്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് പോലുള്ള സംഘടനകളുള്ളപ്പോള്‍ പിന്നെയെന്തിനാണ് പെറ്റ പോലുള്ള പുതിയ സംഘടനകളെന്നും കമല്‍ഹാസന്‍ ചോദിച്ചു.