ചെന്നൈ: കൃത്യമായ ലക്ഷ്യമോ നേതൃത്വമോ ഇല്ലാത്ത ആള്‍കൂട്ട സമരങ്ങള്‍ക്ക് സംഭവിക്കുന്ന ദിശാമാറ്റം ജെല്ലിക്കെട്ട് സമരത്തിലും ആവര്‍ത്തിച്ചു. പരമ്പരാഗത കായിക വിനോദമായ ജെല്ലിക്കെട്ട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയവര്‍ ഒടുവില്‍ തമിഴകത്തെ സംഘര്‍ഷഭൂമിയാക്കി. ആറു ദിവസമായി സമാധാനപരമായി നടന്നുവന്ന സമരങ്ങളാണ് ഇന്നലെ അപ്രതീക്ഷിതമായി അക്രമത്തിന്റെ പാതയിലേക്ക് വഴിമാറിയത്. പൊലീസ് സ്റ്റേഷന് തീയിട്ടും വാഹനങ്ങള്‍ തകര്‍ത്തും സമരം മുറുകിയതോടെ പൊലീസിനും നിയന്ത്രണം നഷ്ടപ്പെട്ടു. പലയിടത്തും പൊലീസും സമരക്കാരും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു.

വിരുദുനഗര്‍ ജില്ലയിലെ കന്‍സാപുരത്ത് ജെല്ലിക്കെട്ടിനിടെ നിയന്ത്രണം വിട്ടോടിയ കാളയുടെ കുത്തേറ്റ് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരന്‍ മരിച്ചു. വി ശങ്കര്‍ (29) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശങ്കറിനെ സമീപത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു

ജെല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തിയ വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പൊങ്കലിനു മുമ്പ് തീര്‍പ്പാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയതോടെ ആറു ദിവസം മുമ്പാണ് ചെന്നൈയിലെ മറീനാ ബീച്ചിലും മധുരൈയിലും ജനങ്ങള്‍ തെരുവിലിറങ്ങിയത്. നിരോധനം മറികടക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം പ്രധാനമന്ത്രി തള്ളിയതോടെ സമരം കൂടുതല്‍ രൂക്ഷമായി. അറുപതുകളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ മാതൃകയില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. മറീനാ ബീച്ചും അണ്ണാനഗറുമായിരുന്നു ആദ്യ ദിനങ്ങളില്‍ പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രം. തൊട്ടു പിന്നാലെ മധുരൈയും സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള ജെല്ലിക്കെട്ടിന് വേദിയായി നിശ്ചയിച്ച അളഗനല്ലൂരുമെല്ലാം സമരക്കാരെക്കൊണ്ട് വീര്‍പ്പു മുട്ടി.