X

ട്രംപിന്റെ ജറൂസലം പ്രഖ്യാപനം; അമേരിക്കയെ തള്ളി യു.എന്നില്‍ പ്രമേയം

യുനൈറ്റഡ് നേഷന്‍സ്: ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ തള്ളിക്കളയണമെന്ന് ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ച് യു.എന്‍ പ്രമേയം. അമേരിക്കയെ മാതൃകയാക്കി ജറൂസലമിലേക്ക് നയതന്ത്ര കാര്യാലയങ്ങള്‍ മാറ്റരുതെന്ന് അഭ്യര്‍ത്ഥിക്കുന്ന രഹസ്യപ്രമേയം ഈജിപ്താണ് അവതരിപ്പിച്ചത്. പ്രമേയത്തില്‍ അമേരിക്കയെ പേരെടുത്ത് പറയുന്നില്ല. അല്‍ജസീറയാണ് പ്രമേയം പുറത്തുവിട്ടത്.

അമേരിക്ക വീറ്റോ ചെയ്ത് പരാജയപ്പെടുത്തുമെന്നതുകൊണ്ട് പ്രമേയം യു.എന്നില്‍ പാസാകാനുള്ള സാധ്യത കുറവാണ്. ജറൂസലമിന്റെ നിലവിലുള്ള സ്ഥിതിയില്‍ മാറ്റംവരുത്തിക്കൊണ്ട് ട്രംപ് നടത്തിയ പ്രഖ്യാപനത്തില്‍ പ്രമേയം ഖേദം പ്രകടിപ്പിക്കുന്നുണ്ട്. രക്ഷാസമിതിയില്‍ പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്യാതിരിക്കുന്നതിന് പരമവാധി മിതമായ ഭാഷയിലാണ് പ്രമേയം തയാറാക്കിയിരിക്കുന്നത്. പ്രമേയം പരാജയപ്പെടരുതെന്ന് ബ്രിട്ടനും ആഗ്രഹമുണ്ട്. അമേരിക്കയെ പേരെടുത്ത് പറയാത്തതിനെ ഫലസ്തീന്‍ പ്രതിനിധികള്‍ ചോദ്യംചെയ്തു. ജറൂസലമിന്റെ മുഖം മാറ്റിമറിക്കാനുള്ള ഏത് നീക്കവും നിയമവിരുദ്ധമാണെന്ന് പ്രമേയം പറയുന്നു. ഇതുസംബന്ധിച്ച് നിലവിലുള്ള യു.എന്‍ പ്രമേയങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശിക്കുന്നുണ്ട്. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ സ്ഥിരാഗംങ്ങള്‍ക്കു പുറമെ, മറ്റ് 10 രാജ്യങ്ങള്‍ കൂടി യു.എന്‍ രക്ഷാസമിതിയിലുണ്ട്. സ്ഥിരാംഗങ്ങളില്‍ ആരെങ്കിലും വീറ്റോ ചെയ്താല്‍ പ്രമേയം പരാജയപ്പെടും. ഇസ്രാഈല്‍ വിരുദ്ധവും ഫലസ്തീന്‍ അനുകൂലവുമായ പ്രമേയങ്ങളെല്ലാം വീറ്റോ ചെയ്ത് പരാജയപ്പെടുത്തുകയാണ് അമേരിക്ക പതിവായി ചെയ്യാറുള്ളത്. യു.എസ് വീറ്റോ ചെയ്താല്‍ പ്രമേയം യു.എന്‍ ജനറല്‍ അസംബ്ലിയിലേക്ക് കൊണ്ടുവരാനാണ് തുര്‍ക്കിയുടേയും ഫലസ്തീന്റെയും തീരുമാനം.

ഇസ്രാഈലിന്റെ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ച ട്രംപിന്റെ തീരുമാനത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം തുടരുകയാണ്. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ യു.എസ് എംബസിക്കു പുറത്ത് ഞായറാഴ്ച നടന്ന റാലിയില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്തിരുന്നു. ഫലസ്തീനിലെ പ്രതിഷേധങ്ങള്‍ ചോരയില്‍ മുക്കിയെടുക്കാനാണ് ഇസ്രാഈല്‍ ശ്രമിക്കുന്നത്. ട്രംപിന്റെ പ്രഖ്യാപനത്തിനുശേഷം ഫലസ്തീനില്‍ ഇസ്രാഈല്‍ സേന ഒമ്പതു പേരെ കൊലപ്പെടുത്തിയിരുന്നു. ഇസ്രാഈല്‍ ആക്രമണത്തില്‍ 1900 ഫലസ്തീനികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

chandrika: