വെനീസ്: ഖത്തര്‍ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വിലപിടിപ്പുള്ള ആഭരണങ്ങള്‍ മോഷണം പോയി. ഇറ്റലിയിലെ വെനീസില്‍ നടന്ന എക്‌സിബിഷന്റെ അവസാന ദിനത്തിലാണ് രണ്ട് ഇയര്‍ റിംഗുകളും ഒരു പതക്കവും മോഷ്ടാക്കള്‍ തട്ടിയെടുത്തത്.

വെനീസിലെ ദോഗെ പാലസില്‍ സംഘടിപ്പിക്കപ്പെട്ട ‘മുഗള്‍-മഹാരാജ നിധികള്‍’ എന്ന എക്‌സിബിഷന്‍ അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് സംഘാടകരെ ഞെട്ടിച്ച മോഷണം. ഇന്ത്യയില്‍ രാജഭരണ കാലത്ത് നിര്‍മിക്കപ്പെട്ട 270ഓളം അമൂല്യ ആഭരണങ്ങളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പല പ്രമുഖരില്‍ നിന്നും എത്തിച്ചതായിരുന്നു ഇവ.

ഡയമണ്ട്, പ്ലാറ്റിനം, സ്വര്‍ണം എന്നിവയില്‍ നിര്‍മിതമായതാണ് മോഷണം പോയ ആഭരണങ്ങള്‍. എക്‌സിബിഷനിലെ അതീവ സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിച്ച്, അലാറം പ്രവര്‍ത്തന രഹിതമാക്കിയായിരുന്നു മോഷണം. 1.2 മില്യണ്‍ ഡോളര്‍ (7.6 കോടി രൂപ) വിലമതിക്കുന്നതാണ് ഇവ.

രണ്ട് പേരാണ് മോഷണത്തില്‍ പങ്കെടുത്തതെന്ന് പൊലീസ് പറയുന്നു. ഒന്നാമത്തെയാണ് ചുറ്റുപാടും നിരീക്ഷിച്ച് സാഹചര്യമൊരുക്കിയപ്പോള്‍ മറ്റേയാള്‍ ഡിസ്‌പ്ലേ കെയ്‌സ് പൊളിച്ച് ആഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു. മോഷണം നടത്തിയ ഉടനെ ഇവര്‍ ആള്‍ക്കൂട്ടത്തിന്റെ ഭാഗമായി പുറത്തു കടക്കുകയും രക്ഷപ്പെട്ടു. പ്രദര്‍ശനം കാണാനെത്തിയവരാണ് ഒഴിഞ്ഞ കെയ്‌സ് ശ്രദ്ധിച്ചതും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതും. പ്രദര്‍ശനത്തിലുള്ള മറ്റ് ആഭരണങ്ങളെ അപേക്ഷിച്ച് ചരിത്ര പ്രാധാന്യം കുറഞ്ഞവയാണ് മോഷ്ടിക്കപ്പെട്ടവ എന്ന് സംഘാടകരായ വെനീസ് ഫൗണ്ടേഷന്‍ ഓഫ് സിവിക് മ്യൂസിയംസ് പറഞ്ഞു.

ഖത്തര്‍ മുന്‍ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ അബ്ദുല്ല അല്‍താനി സംയോജിപ്പിച്ച ആഭരണങ്ങള്‍ ഖത്തര്‍ ഭരണ കുടുംബത്തിന്റെ ഉടമസ്ഥതയിലാണുണ്ടായിരുന്നത്.