മുംബൈ: ഐ.പി.എല്ലിന്റെ പതിനൊന്നാം പതിപ്പില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ചെന്നൈയ്ക്കു വേണ്ടി പാഡണിയും. വാതുവെപ്പു വിവാദുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു സീസണുകളില്‍ നിന്ന് വിലക്ക് നേരിട്ടത്തിനു ശേഷം തിരിച്ചെത്തിയ ചെന്നൈ, താരലേലത്തിന് മുമ്പായി ക്ലബുകള്‍ നിലനിര്‍ത്തുന്ന താരങ്ങളെ അറിയിക്കേണ്ട ചടങ്ങിലാണ് ധോണിയെ നിലനിര്‍ത്തുന്ന കാര്യം വ്യക്തമാക്കിയത്. 15 കോടി രൂപയാണ് ധോണിയുടെ വിലയായി ഗവേണിങ് ബോഡി നിശ്ചയിച്ചിരിക്കുന്നത്. പത്തുവര്‍ഷം പിന്നിട്ട ഐ.പി.എല്‍ താരലേലവുമായി ബന്ധപ്പെട്ട് പുതന്‍ മാറ്റങ്ങളുമായാണ് വരുന്നത്. ഒരു ടീമിന് ലേലത്തിന് ഉപയോഗിക്കാവുന്ന തുക 80 കോടിയായി  ഉയര്‍ത്തിക്കുകയും കഴിഞ്ഞ സീസണുകളില്‍
നിന്നും വിഭിന്നമായി അഞ്ചു താരങ്ങളെ ടീമില്‍ നിലനിര്‍ത്താം എന്നതുമാണ് ഇതില്‍ സുപ്രധാന തീരുമാനം. ധോണിയെ കൂടാതെ ഇടംകൈയ്യന്‍ ബാറ്റസ്മാന്‍ സുരേഷ് റെയ്‌ന( 11 കോടി), ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ( 7 കോടി) എന്നിവരേയും ചെന്നെ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തുമെന്ന് അധികൃതരെ അറിയിച്ചു. ഇതോടെ ഇനി ബാക്കി താരങ്ങളെ സ്വന്തമാക്കാന്‍ 47 കോടി രൂപ മാത്രമേ ചെന്നെയുടെ അക്കൗണ്ടിലുള്ളൂ.

 

മുന്‍ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സ് നായകന്‍ ഗൗതം ഗംഭീറിനെ ഒഴിവാക്കിയത് ശ്രദ്ധേമായി. വിന്‍ഡീസ് താരങ്ങളായ സുനില്‍ നരേയ്ന്‍( 12.5 കോടി), ആന്‍ന്ദ്ര റസല്‍( 8.5 കോടി)എന്നിവരെയാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ( 15 കോടി), ഹര്‍ദ്ദിക് പാണ്ഡ്യ( 11 കോടി), ജസ്പ്രിന്റ് ബുംറ ( 7 കോടി) എന്നിവരെ നിലനിര്‍ത്തിയപ്പോള്‍, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ റെക്കോര്‍ഡ് തുകയ്ക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി( 17 കോടി) , ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡിവില്ലേഴ്‌സ് ( 11 കോടി), ഇന്ത്യയുടെ ആഭ്യന്തര താരം സര്‍ഫറാസ് ഖാന്‍ ( 3 കോടി)എന്നിവരെ നിലനിര്‍ത്തി. ക്ലബുകള്‍ നിലനിര്‍ത്തിയ താരങ്ങളില്‍ ദേശീയ സീനിയര്‍ ടീമില്‍ കളിക്കാത്ത ഏകതാരം കൂടിയാണ് സര്‍ഫറാസ്. ചെന്നൈക്കൊപ്പം വിലക്കു നേരിട്ട രാജസ്ഥാന്‍ റോയല്‍സ് മടക്കി വിളിച്ചത് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ മാത്രമാണ് ( 12.5 കോടി).

 

ടൂര്‍ണ്ണമെന്റില്‍ ശക്തമായ മടങ്ങിവരവിന് ഒരുങ്ങുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഫാസ്റ്റ് ബൗളര്‍ ക്രിസ് മോറിസ് ( 11 കോടി), റിഷഭ് പാന്റ് ( 15 കോടി), ശ്രയസ്സ് അയ്യര്‍ ( 7 കോടി) എന്നിവരെ നിലനിര്‍ത്തി. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങിന്റെ ശിക്ഷണത്തിലാണ് വരുന്ന ഐ.പി.എല്ലില്‍ കിരീടത്തിനായി ഡല്‍ഹി പോരാടുക. ഓസീസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ ( 12.5 കോടി), ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ ( 8.5 കോടി)എന്നിവരെയാണ് സണ്‍റൈസേഴ്‌സ് ഹൈദരബാദ് നിലനിര്‍ത്തിയ താരങ്ങള്‍.

രണ്ടു രീതിയിലാണ് ഈ പ്രവിശ്യം താരങ്ങളെ നിലനിര്‍ത്താന്‍ ടീമിന് അവസരം ലഭിക്കുക. ഇതില്‍ നേരിട്ട് നിലനിര്‍ത്തുന്ന താരങ്ങളെയാണ് ഇന്ന് ടീമുകള്‍ പ്രഖ്യാപിച്ചത്. പരമാവധി മൂന്നു താരങ്ങളെയാണ് നേരിട്ട് നിലനിര്‍ത്താനാവുക. റൈറ്റ് മാച്ച് (ആര്‍.ടി.എം) മറ്റൊരു വഴി. താരലേലത്തില്‍ ഒരു താരത്തെ നിശ്ചിത തുകയ്ക്ക് ഏതെങ്കിലും ക്ലബ് സ്വന്തമാക്കിയാല്‍ ആര്‍.ടി.എം വഴി അത്ര തന്നെ തുകയ്ക്ക് ഹോം ടീമിന് താരത്തെ നേടാനാവും എന്നതാണ് ഇതിന്റെ പ്രതേകത.പരാമവധി നിലനിര്‍ത്താവുന്ന അഞ്ചു താരങ്ങളില്‍ മാക്‌സിമം മൂന്ന് ഇന്ത്യന്‍ താരങ്ങളെയും രണ്ടു വിദേശതാരങ്ങളുമാണ്.