ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടി ധീരമായ നീക്കമെന്ന് റിലയന്‍സ് ഉടമ മുകേഷ് അംബാനി. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ത്വരിതപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ നടപടിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ കാഴ്ചപാടുകള്‍ ലക്ഷ്യമിട്ട് ‘ജിയോ മണി’ സേവനത്തിനും അംബാനി തുടക്കം കുറിച്ചു.

നോട്ട് നിരോധനത്തിലൂടെ ഗുണമുണ്ടാക്കിയവരില്‍ ഏറ്റവും മുന്നില്‍ മൊബൈല്‍ വാലറ്റും ഡിജിറ്റല്‍ പണമിടപാട് വമ്പനുമായ പേയ്ടിഎം ആണെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് അംബാനിയുടെ ജിയോ മണി അവതരണമെന്നതും ശ്രദ്ധേയമാണ്. പണരഹിത ഇടപാടുകള്‍ക്ക് ഇനി ജിയോ മണി സേവനം ലഭ്യമാകും. അഞ്ച് മുതല്‍ കച്ചവടക്കാര്‍ക്ക് ജിയോ മണി ഡൗണ്‍ലോഡ് ചെയ്യാമെന്നാണ് അംബാനിയുടെ അറിയിപ്പ്.
എല്ലാത്തരം സേവനങ്ങള്‍ക്കും, കടകളിലും റെയില്‍വെ സ്‌റ്റേഷനിലും ആളുകള്‍ക്ക് പണം കൈമാറാനും ജിയോ മണി ഉപയോഗിക്കാമെന്നും ജിയോ ഉറപ്പു നല്‍കുന്നു. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് പണം കൈമാറുക. ജിയോയുടെ സൗജന്യ ഓഫര്‍ കാലാവധി മാര്‍ച്ച് 31 വരെ നീട്ടി. ഇന്റര്‍നെറ്റും കോളും സൗജന്യമായിരിക്കും. 10 കോടി ഉപഭോക്താക്കള്‍ എന്ന ലക്ഷ്യത്തിലെത്താനായി സൗജന്യ സേവനങ്ങള്‍ നീ്ട്ടിയിരിക്കുന്നതെന്നാണ് സൂചന. എന്നാല്‍, പുതിയ ഓഫറില്‍ പ്രതിദിനം ലഭ്യമാകുന്ന സൗജന്യ ഡേറ്റയില്‍ കുറവു വരും. പുതിയ ഓഫര്‍ പ്രകാരം ഒരു ജിബി സൗജന്യ ഡേറ്റയാകും ലഭിക്കുക. നിലവില്‍ പ്രതിദിനം നാല് ജിബി വരെയാണ് സൗജന്യമായി നല്‍കുന്നത്. ഒരു ജിബിയുടെ ഫെയര്‍ യൂസേജ് പോളിസി കൊണ്ടുവരുമെന്നാണ് പുതിയ പ്രഖ്യാപനത്തില്‍ മുകേഷ് അംബാനി വ്യക്തമാക്കിയിരിക്കുന്നത്.