പാലക്കാട്: പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ പുറത്ത്. പരീക്ഷ മാറ്റിവെക്കുന്നതിന് കോളജിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതിന് ജിഷ്ണു പ്രണോയി ശ്രമിച്ചതായി സൂചിപ്പിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളും ശബ്ദരേഖയും പൊലീസിന് ലഭിച്ചു. ജിഷ്ണുവിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് പൊലീസ് ഇവ വീണ്ടെടുത്തത്. വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാന്‍ ജിഷ്ണു ശ്രമിച്ചതാണ് മാനേജ്‌മെന്റിനെ ചൊടിപ്പിക്കാന്‍ കാരണമായതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പഠനത്തിന് സമയം ലഭിക്കാത്തതിനാല്‍ പരീക്ഷ മാറ്റിവെക്കണമെന്നായിരുന്നു ജിഷ്ണുവിന്റെ ആവശ്യം. ഇതാണ് കോളജ് മാനേജ്‌മെന്റിന്റെ അപ്രീതിക്കു കാരണമായത്. പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് ജിഷ്ണു എഴുതിയ കത്തും പുറത്തുവന്നിട്ടുണ്ട്.