തിരുവനന്തപുരം: ഡിജിപി ഓഫീസിനു മുന്നില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട് കെ.എം ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അമ്മ മഹിജ ഉള്‍പ്പെടെ ഡിജിപി ഓഫീസിനു മുന്നില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തുവെന്നാരോപിച്ചാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. ഷാജഹാനു പുറമെ ഷാജിര്‍ഖാന്‍, മിനി, ഹിമവല്‍ ഭദ്രാനന്ദ, ശ്രീകുമാര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തിരുന്നത്. 15000 രൂപയുടെ ആള്‍ജാമ്യത്തിലാണ് അഞ്ചു പേരെയും പുറത്തുവിട്ടത്. ജില്ല വിട്ട് പോകരുതെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കരുതെന്നും ഇവരോട് കോടതി ആവശ്യപ്പെട്ടു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു പൊലീസ് ഇവരെ അറസ്റ്റു ചെയ്തത്. കുറ്റകരമായ ഗുഢാലോചന നടത്തിയെന്ന പുതിയ വകുപ്പു കൂടി ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.