തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം നടത്തിവരുന്ന സമരം ഒത്തുതീര്‍ക്കാന്‍ കാനം രാജേന്ദ്രന്‍ രംഗത്തെത്തിയതിന് പിന്നാലെ സമരം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. സമരം ഉടന്‍ ഉടന്‍ തന്നെ ഒത്തുതീരുമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബം ഇന്ന് വൈകീട്ട് നാല് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരി അവിഷ്ണയും നടത്തിവരുന്ന നിരാഹാരസമരം നാലാം ദിവസത്തിലേക്ക് കടന്നിട്ടും സര്‍ക്കാരിന് സമരം ഒത്തുതീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. അവിഷ്ണയെ അറസ്റ്റു ചെയ്തു നീക്കാന്‍ ശ്രമം നടന്നെങ്കിലും ഇതുവരേയും കഴിഞ്ഞില്ല. നാദാപുരത്തെ വീട്ടില്‍ നിരാഹാരമിരിക്കുന്ന അവിഷ്ണയെ സന്ദര്‍ശിക്കാന്‍ സഹപാഠികള്‍ വീട്ടിലെത്തി. ജിഷ്ണുവിന് നീതി ലഭിച്ചില്ലെങ്കില്‍ അവിഷ്ണക്കൊപ്പം നാളെ മുതല്‍ സഹപാഠികളും നിരാഹാരമിരിക്കും.

സമരം തുടരുമ്പോഴും മന്ത്രിമാര്‍ നിരന്തരം ജിഷ്ണുവിന്റെ കുടുംബത്തെ ആക്ഷേപിച്ചും രംഗത്തെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മധ്യസ്ഥത വഹിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. സമരം ഒത്തുതീര്‍പ്പിലേക്ക് പോകുകയാണെന്ന് കാനം സൂചന നല്‍കിയെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ഒത്തുതീര്‍പ്പാക്കാന്‍ കാനം രാജേന്ദ്രന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഫോണില്‍ സംസാരിച്ചു. പോലീസ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ എപ്പോഴും സ്വയം ന്യായീകരിക്കുന്ന തരത്തിലായിരിക്കും. റിപ്പോര്‍ട്ട് സ്വീകരിക്കണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും കാനം പറഞ്ഞു. കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കാനം മഹിജയെ അറിയിച്ചതായാണ് സൂചന. ജിഷ്ണുവിന് കുടുംബത്തിന് ലഭിച്ച 10ലക്ഷം രൂപ ധനസഹായം തിരിച്ചുനല്‍കാന്‍ തയ്യാറാണെന്ന് അച്ഛന്‍ അറിയിച്ചിട്ടുണ്ട്.