ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥി നജീബിനെ കണ്ടതായി സ്ത്രീയുടെ അജ്ഞാത കത്ത്. ഇക്കഴിഞ്ഞ 14നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അലിഗഡില്‍ നിന്നാണെന്നാണ് കത്തിലൂടെ യുവതി വ്യക്തമാക്കുന്നത്. ഹോസ്റ്റല്‍ പ്രസിഡിന്റ് അസീമിനാണ് കത്ത് ലഭിച്ചിരിക്കുന്നത്. യുവതിയെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും വെളിപ്പെടുത്തുന്നില്ല. നജീബിനെ അലിഗഡിലെ മാര്‍ക്കറ്റിലെ മുസ്‌ലിം പള്ളിക്ക് സമീപം കണ്ടുവെന്നാണ് കത്തില്‍ പറയുന്നത്.

തന്നെ അപായപ്പെടുത്താന്‍ കൊണ്ടുവന്നവരില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കണമെന്ന് നജീബ് ആവശ്യപ്പെട്ടുവെന്നും യുവതി കത്തിലൂടെ വെളിപ്പെടുത്തുന്നു. എന്നാല്‍ പൊലീസ് സഹായം ആവശ്യപ്പെടുന്നതിന് മുമ്പ് നജീബ് തിരക്കില്‍ അപ്രത്യക്ഷമായെന്നും കത്തില്‍ പറയുന്നു. അതേസമയം കത്ത് ക്രൈം ബ്രാഞ്ചിന് കൈമാറി.

കത്തിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി. ഒക്ടോബര്‍ 14 നാണ് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ നജീബിനെ കാമ്പസില്‍ നിന്നും കാണാതായത്.സംഭവം വന്‍ വിവാദമായിരുന്നു. നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ഇപ്പോഴും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.