കൊച്ചി: മുസ്‌ലിംകളെ ജോലിയ്ക്ക് വേണ്ടെന്ന കൊച്ചിയില്‍ നിന്നുള്ള കൗണ്‍സിലര്‍ ജോലിക്കുള്ള പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം. കൊച്ചിയിലെ ജോലി ഒഴിവുകള്‍ പരസ്യപ്പെടുത്തുന്ന ഒരു വെബ് സൈറ്റില്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് മുസ്‌ലിംകള്‍ അപേക്ഷിക്കാന്‍ പാടില്ലെന്നാണ് പറയുന്നത്.

ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കനത്ത വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. ഇത്തരം വംശീയ പരാമര്‍ശങ്ങള്‍ക്കെതിരെ അധികൃതര്‍ ഇടപെടണമെന്ന് കമന്റുകള്‍ ഉയര്‍ന്നുവരുന്നു. എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ അഥവാ ടെലി സെയില്‍സ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കുള്ള ഒഴിവിലാണ് മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ബി ടെക് ബിരുധദാരികള്‍ക്കും അപേക്ഷിക്കാനാകില്ലെന്ന് പ്ലേയ്‌സ്‌മെന്റ് ഇന്ത്യ എന്ന ക്ലാസിഫൈഡ്‌സ് വെബ്‌സൈറ്റില്‍ പരസ്യമെത്തിയത്.

സ്ത്രീ ജീവനക്കാരികള്‍ക്ക് മുന്‍ഗണന നല്‍കുന്ന തസ്തികയില്‍ നിന്ന് മുസ്ലിം വിഭാഗക്കാരെ ഒഴിവാക്കുന്നത് മതവിവേചനമാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനും ഫോണ്‍വഴി ആശയവിനിമയം നടത്തുന്നതിനും മറ്റ് വൈദഗ്ധ്യങ്ങളൊന്നും ആവശ്യമില്ലാത്ത തസ്തികയിലാണ് പരസ്യമായ വിവേചനം. 9,000 മുതല്‍ 13,000 വരെ ശമ്പളെ വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു പരസ്യം. 10 ഒഴിവുകളാണ് ഉള്ളതെന്നും പരസ്യത്തില്‍പ്പറയുന്നു.