ലക്‌നോ: ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന്റെ റിപ്പോര്‍ട്ടര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഗാസിപൂര്‍ സ്വദേശിയും സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ രാജേശ് മിശ്ര (38) ആണ് കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടക്കു മുന്നില്‍ വെച്ചാണ് ബൈക്കിലെത്തിയ അജ്ഞാതര്‍ രാജേഷിനു നേരെ നിറയൊഴിച്ചത്. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സഹോദരന്‍ അമിതാഭ് മിശ്രയേയും അക്രമികള്‍ വെടിവെച്ചിട്ടു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം ഗാസിപൂര്‍ ജില്ലാ ആസ്പത്രിയിലും തുടര്‍ന്ന് വാരണാസി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

അക്രമികളെക്കുറിച്ച് സൂചന ലഭിച്ചതായി ക്രമസമാധാന ചുതമലയുള്ള എ.ഡി.ജി.പി ആനന്ദ് കുമാര്‍ പറഞ്ഞു. അക്രമികളില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ അറസ്റ്റു ചെയ്യും. ബുള്ളറ്റിലാണ് അക്രമികള്‍ എത്തിയതെന്നും വെടിവെപ്പ് ശബ്ദം കേട്ട് സഹോദരനെ രക്ഷിക്കാന്‍ ഓടിയെത്തിയപ്പോഴാണ് അമിതാഭ് മിശ്രക്കു നേരെയും വെടിവെപ്പുണ്ടാതെന്നും പൊലീസ് പറഞ്ഞു.