കോട്ടയം: മനുഷ്യനെ പച്ചക്ക് വെട്ടിക്കൊല്ലുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത്തരം രാഷ്ട്രീയ സാഹചര്യം ഒഴിവാക്കാന്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിനേതാക്കള്‍ തന്നെ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി.
കൊലപാതക രാഷ്ട്രീയത്തെ എക്കാലവും എതിര്‍ത്തുപോന്നിട്ടുള്ള പാര്‍ട്ടിയാണ് സി.പി.ഐ. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിയല്ലാത്ത ഏക പാര്‍ട്ടി സി.പി.ഐയാണ്.
മാണിയെ ഇടതുമുന്നണിയില്‍ വേണ്ടെന്ന നിലപാടില്‍ യാതൊരുമാറ്റവുമില്ല. മാണി വലിയ സംഭവമായി കാണുന്നില്ല. വിജലന്‍സിന്റെ അല്ല ഏത് സര്‍ട്ടിഫിക്കറ്റ് കിട്ടിയാലും മാണി അഴിമതിക്കാരനാണെന്നചിന്ത ജനമനസുകളില്‍നിന്ന് മായില്ല. ഏതായാലും മാണിക്ക് ഗുഡ് എന്‍ട്രി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പ്രശ്‌നമില്ല. സി.പി.ഐ എല്‍.ഡി.എഫിന്റെ അവിഭാജ്യഘടകമാണ്. എല്‍.ഡി.എഫിലേക്ക് പുതിയ കക്ഷികളെ ചേര്‍ക്കുമ്പോള്‍ ചര്‍ച്ചയുണ്ടാകും അപ്പോള്‍ സി.പി.ഐയുടെ അഭിപ്രായം വ്യക്തമാക്കും.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് മാണിയുടെ സഹായം ആവശ്യമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ വിജയിച്ചത് മാണിയുടെ സഹായമില്ലാതെയാണ്. 91 നിയമസഭാ സീറ്റുകള്‍ നേടി എല്‍.ഡി.എഫ് അധികാരത്തിലെത്തിയത് മാണിയുടെ പിന്തുണയോടെയല്ല. മാണിമുന്നണിയിലേക്ക് വന്നാല്‍ സി.പി.ഐയുടെ പ്രാധാന്യം കുറയുമെന്ന ചിന്തിക്കുന്നതു ബാലിശമാണ്.ആറ് എം.എല്‍.എമാരുള്ള പാര്‍ട്ടിയും 19 എം.എല്‍.എമാരുള്ള പാര്‍ട്ടിയും ഒരുപോലെയല്ല. മാണി വന്നാല്‍ എത്രഎം.എല്‍.മാര്‍ കൂടെയുണ്ടാകുമെന്ന് ഒരുറപ്പുമില്ല. ആ പാര്‍ട്ടിയിലെ എം.എല്‍.എമാരൊക്കെ എവിടെനില്‍ക്കുന്നുവെന്ന് വ്യക്തമായി അറിയാം. ഒന്നിച്ചായാലും കഷണമായാലും കേരളാ കോണ്‍ഗ്രസിനെ വേണ്ടന്ന നിലപാടില്‍ മാറ്റമില്ല. ഇടതുസര്‍ക്കാര്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയാല്‍ വീണ്ടും അധികാരത്തിലെത്തും. അധികാരത്തിനായി കുറുക്കുവഴികള്‍ തേടുന്നത് ആശാസ്യമല്ല.ബി.ജെ.പിയെന്ന മുഖ്യശത്രുവിനെ നേരിടാന്‍ ഇടതുപക്ഷ മതേതര ശക്തികള്‍ ഒന്നിക്കുമ്പോള്‍ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിനെ ഒഴിച്ചുനിര്‍ത്താനാവില്ല.എന്നാല്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍പോലും യോജിപ്പില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സി.പി.ഐയും സി.പി.എമ്മും മാത്രമാണ് ഒരുമിച്ച് നില്‍ക്കുന്നത്. മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളെല്ലാം പുറത്താണ്.
സി.പി.ഐയും കോണ്‍ഗ്രസും ഉള്‍പ്പെട്ട അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വികസനം ഉണ്ടായതെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമാണെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ മറുപടി.