കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിന് പിറന്നാളാശംസ നേര്‍ന്ന് കൈരളി. വാര്‍ത്തയ്ക്കു നേരെ പ്രതിഷേധം ഉയര്‍ന്നതോടെ കൈരളി ന്യൂസ് വാര്‍ത്ത പിന്‍വലിക്കുകയായിരുന്നു. കൈരളി ടി.വിയുടെ എഫ്.ബി പേജിലായിരുന്നു ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റ്.

എന്നാല്‍ പാര്‍ട്ടി ചാനലിലൂടെ നടന് ആശംസ അര്‍പ്പിച്ച നടപടിക്കെതിരെ പ്രതിഷേധമുയരുകയായിരുന്നു. തുടര്‍ന്നായിരുന്നു പോസ്റ്റ് പിന്‍വലിച്ചത്.

ഇന്നാണ് ദിലീപിന്റെ 53-ാം ജന്മദിനം. രാവിലെ തന്നെ ദിലീപിന് ആശംസ നേര്‍ന്നുകൊണ്ട് കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കി. തുടര്‍ന്ന് ഇത്തരമൊരു വാര്‍ത്ത നല്‍കരുതായിരുന്നെന്നും വാര്‍ത്ത പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി കമന്റുകള്‍ വന്നു. ഇതിനെ തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസിന്റെ വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. വിചാരണ നടക്കുന്ന കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ഹരജി തള്ളിയത്. ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കുന്നതിന് സാവകാശം വേണമെന്നും അതുവരെ വിചാരണ നിര്‍ത്തിവെക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിക്കെതിരെ രംഗത്ത് വന്നത്.

പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി അടുത്ത മാസം മൂന്നിന് വിചാരണ നടപടികള്‍ക്കായി നടിയെ അക്രമിച്ച കേസ് മാറ്റി. വിചാരണ നിര്‍ത്തിവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപും കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.