ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്തിനൊപ്പം യാത്ര ചെയ്ത ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്‍ഡിഗോ വിമാന കമ്പനി വിലക്കേര്‍പെടുത്തി. വിമാനത്തിനകത്തെ നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചതിനാണ് കമ്പനി വിലക്കേര്‍പെടുത്തിയത്. ഒക്ടോബര്‍ 15 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ഒക്ടോബര്‍ 30ന് വിലക്ക് അവസാനിക്കും.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ നേരത്തെ വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെ സെപ്തംബര്‍ ഒമ്പതിനാണ് സംഭവം. ഛത്തീസ്ഗഢില്‍ നിന്ന് മുംബൈയിലേക്ക് നടത്തിയ വിമാന യാത്രയില്‍ കങ്കണയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് തിരക്കുണ്ടാക്കിയാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചത്.

നേരത്തെ ഇത് സംബന്ധിച്ച് ഇന്‍ഡിഗോയോട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.