ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കോഴ ആരോപണമുയര്‍ത്തിയ കപില്‍ മിശ്ര രാജി ആവശ്യവുമായി നിരാഹാരത്തിന്. അഴമതി ആരോപണത്തെക്കുറിച്ച് പ്രതികരിക്കാതെ മൗനം തുടരുന്ന കെജ്‌രിവാള്‍ രാജി വെക്കണമെന്നാണ് കപില്‍ മിശ്ര ആവശ്യപ്പെടുന്നത്. കൂടാതെ മന്ത്രിമാരുടെ വിദേശ യാത്ര സംബന്ധിച്ച ചെലവുകള്‍ വെളിപ്പെടുത്തണമെന്നും കപില്‍ മിശ്ര ആവശ്യമുന്നയിക്കുന്നു.
രണ്ടു കോടി രൂപ അരവിന്ദ് കെജ്‌രിവാള്‍ ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്‌നില്‍ നിന്ന് വാങ്ങുന്നത് താന്‍ കണ്ടുവെന്നായിരുന്നു കപില്‍ മിശ്രയുടെ ആരോപണം. സഹോദരി പുത്രന് ഭൂമി നേടുന്നതിനായി മുഖ്യമന്ത്രി അനധികൃതമായി ഇടപെട്ടുവെന്നും കപില്‍ മിശ്ര ആരോപിച്ചിരുന്നു.
അതേസമയം, അഴിമതി ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍ ഇതുവരെ തയാറായിട്ടില്ല. കോഴ ആരോപണത്തെ കാര്യത്തിലെടുക്കേണ്ടെന്ന നിലപാടിലാണ് ആംആദ്മി പാര്‍ട്ടിയും. മന്ത്രി സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടതാണ് കപില്‍ മിശ്രയുടെ ആരോപണത്തിന് പിന്നിലെന്നാണ പാര്‍ട്ടി പറയുന്നു. മന്ത്രി സഭയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ആംആദ്മിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കപില്‍ മിശ്രയെ പുറത്താക്കിയിരുന്നു.
ഇതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി നിരാഹാര സമരത്തിന് കപില്‍ മിശ്ര തീരുമാനിക്കുകയായിരുന്നു. കോഴ സംബന്ധിച്ച തെളിവുകള്‍ അന്വേഷണ കമ്മീഷന് നല്‍കുമെന്നും കപില്‍ മിശ്ര പറഞ്ഞു.
Be the first to write a comment.