തിരുവനന്തപുരം: പൊലീസ് മേധാവി പദത്തലിരിക്കെ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇറക്കിയ ഉത്തരവുകളില്‍ ചിലത് ഡിജിപി സെന്‍കുമാര്‍ റദ്ദാക്കി. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ ബ്രൗണ്‍ പെയ്ന്റടിക്കണമെന്ന ബെഹ് റയുടെ വിവാദ ഉത്തരവ് നിയമയുദ്ധത്തിനെത്തുടര്‍ന്ന് നിയമിതനായ സെന്‍കുമാര്‍ റദ്ദാക്കി.

വിവാദ ഉത്തരവിനെക്കുറിച്ച് അന്വേഷിക്കാനും സെന്‍കുമാര്‍ ഉത്തരവിട്ടു. പൊലീസ് ആസ്ഥാനത്തെ അഡീഷണല്‍ എഐജി ഹരിശങ്കറിനാണ് അന്വേഷണത്തിന്റെ ചുമതല. സെന്‍കുമാറിനെ നിരീക്ഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച എഐജി മുതല്‍ എഡിജിപി വരെയുള്ള ഉദ്യോഗസ്ഥരെ കാഴ്ചക്കാരാക്കിയാണ് സെന്‍കുമാറിന്റെ നടപടി.

പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടിനെ മാറ്റി പകരക്കാരനെ നിയമിക്കാന്‍ രണ്ടു മണിക്കൂറിനിടെ രണ്ട് ഉത്തരവുകള്‍ സെന്‍കുമാര്‍ പുറത്തിറക്കി.

നിയമ സഭയില്‍ പൊലീസിന്റെ ലെയ്‌സണ്‍ ജോലി ചെയ്തിരുന്ന ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ മാറ്റി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവും സെന്‍കുമാര്‍ റദ്ദാക്കി.