ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ പണി പൂര്‍ത്തിയായാലും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഉണ്ടാകില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു. മന്ത്രി കെ.ടി ജലീലിനോടാണ് കേന്ദ്രത്തില്‍ നിന്നും ഇക്കാര്യം അറിയിച്ചത്.

കോഴിക്കോട്ടുനിന്ന് ഹജ്ജ് വിമാനസര്‍വ്വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ കേന്ദ്രമന്ത്രിയെ കണ്ടിരുന്നു. റണ്‍വേ പണി നടക്കുന്നതുമൂലമാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിവെച്ചത്. എന്നാല്‍ പണി കഴിഞ്ഞാലും വലിയ വിമാനങ്ങള്‍ ഉണ്ടാവില്ല. പണിക്കുവേണ്ടി നിര്‍ത്തിവെച്ച ബോയിങ് 747,777,330 വിമാനങ്ങള്‍ പുന:സ്ഥാപിക്കില്ലെന്നാണ് കേന്ദ്രമന്ത്രി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, ഹജ്ജ്‌സര്‍വ്വീസ് പുനരാരംഭിക്കാന്‍ വേണ്ടി കരിപ്പൂരില്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വലിയ വിമാനസര്‍വ്വീസുകള്‍ ഉണ്ടാവില്ലെന്ന് അറിഞ്ഞതോടെ ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്താനാണ് സംസ്ഥാനത്തിന്റെ നീക്കം.