ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി മിനിറ്റുകള്‍ മാത്രം ബാക്കി. ഒറ്റക്ക് ഭൂരിപക്ഷം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അവസാന നിമിഷവും കോണ്‍ഗ്രസും ബി.ജെ.പിയും. രാവിലെ എട്ട് മണിമുതലാണ് വോട്ടെണ്ണല്‍. കര്‍ണാടകയില്‍ സ്‌ട്രോങ് റൂമുകള്‍ തുറന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. 29 ഇടങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ബി.ജെ.പി-25 ഇടത്തും രണ്ടിടങ്ങളില്‍ ജെ.ഡി.എസും ലീഡ് ചെയ്യുന്നു.

ഭരണത്തുടര്‍ച്ചക്ക് വഴിയൊരുങ്ങുമോ സിദ്ധരാമയ്യക്കെന്നും അതോ ബി.ജെ.പിക്ക് അധികാരത്തിലേറാന്‍ കഴിയുമോ എന്നും അതോ മറ്റു തരത്തിലുള്ള ചലനങ്ങള്‍ ഉണ്ടാവുമോ എന്നുമുള്ള കര്‍ണാടകത്തിന്റെ വിധിയെഴുത്ത് ഇന്ന് ഉച്ചയോടെ അറിയാം.

38 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. പത്ത് മണിയോടെ യഥാര്‍ത്ഥ ചിത്രമെന്തെന്ന് വ്യക്തമാവും. എക്‌സിറ്റ് പോളുകള്‍ തൂക്കുസഭയെന്ന് വിധിയെഴുതിയതോടെ ആശങ്കയിലാണ് പാര്‍ട്ടികള്‍.