ബംഗളൂരു: കേരളത്തില്‍നിന്നുള്ളവര്‍ക്ക് കോവിഡ് ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവിനെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചിട്ട നടപടിയില്‍ കര്‍ണാടകയിലെ യെദ്യൂരപ്പ സര്‍ക്കാറിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ഹൈകോടതി. ദക്ഷിണ കന്നട ജില്ലക്കും കാസര്‍കോട് ജില്ലക്കുമിടയില്‍ 25 എന്‍ട്രി പോയന്റുകളുണ്ടായിട്ടും നാല് അതിര്‍ത്തികളിലൂടെ മാത്രമാണ് യാത്ര അനുവദിക്കുന്നതെന്നും ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തികള്‍ അടക്കുന്നതെന്നും കര്‍ണാടക ഹൈക്കോടതി ചോദിച്ചു.

യാത്രനിയന്ത്രണത്തിലെ ഉത്തരവില്‍ ഇളവ് ഏര്‍പ്പെടുത്തുമെന്ന മുന്‍ നിലപാട് മാറ്റിയ കര്‍ണാടക സര്‍ക്കാര്‍, നിയന്ത്രണം തുടരുമെന്നാണ് ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ഉത്തരവില്‍ ഇളവ് അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തെ േചാദ്യം ചെയ്ത ഹൈക്കോടതി, വിഷയത്തില്‍ ദക്ഷിണ കന്നട ഡെപ്യൂട്ടി കമീഷണറില്‍നിന്ന് വിശദീകരണം തേടി. കേരളത്തില്‍നിന്ന് വിമാനത്തില്‍ കര്‍ണാടകയിലേക്ക് വരുന്ന ഒരാളോട് ബംഗളൂരു വിമാനത്താവളത്തിലൂടെ മാത്രമേ വരാന്‍ പാടുള്ളൂവെന്ന് പറയുമോയെന്നും ഒരു റോഡിലൂടെ മാത്രമേ പ്രവേശിക്കാന്‍ പാടുള്ളൂവെന്ന് എന്ത് അധികാരത്തിലാണ് പറയുന്നതെന്നും ഹൈക്കോടതി ചോദിച്ചു.

ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിബന്ധനയോടെ കേരളത്തിലെ മറ്റു ജില്ലകളിലെ എല്ലാ അതിര്‍ത്തികളിലൂടെയും പ്രവേശനം അനുവദിക്കുമ്പോഴും കാസര്‍കാടുനിന്ന് ദക്ഷിണ കന്നട ജില്ലയിലേക്ക് നാലു വഴികളിലൂടെ മാത്രമാണ് പ്രവേശനം അനുവദിക്കുന്നതെന്ന ഹരജിക്കാരന്റെ വാദം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി ചോദ്യം ചെയ്തത്. മറ്റു ജില്ലകളില്‍നിന്നുള്ള പ്രവേശനം തടയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ഒരു ജില്ലയില്‍നിന്ന് മാത്രം പ്രവേശനം തടയുന്നത് ശുദ്ധ അസംബന്ധമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.