മുംബൈ: കവര്‍ച്ചാ കേസില്‍ പൊലീസ് പിടിയിലായ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനെയും രണ്ട് കൂട്ടാളികളെയും ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. താനെ കോടതിയടേതാണ് വിധി. ഈ മാസം 13 വരെയാണ് കസ്റ്റഡി കാലാവധി. കേസിലെ നാലാം പ്രതി ബിസിനസുകാരനായ പങ്കജ് ഗാങ്വാറിന്റെ കസ്റ്റഡി കാലാവധി അഞ്ച് വരെ നീട്ടി.
ദാവൂദിന്റെ ഇളയ സഹോദരനായ കസ്‌കര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 26ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റാണ് കസ്‌കറിനെയും ഇസ്രാര്‍ സയ്യീദ്, മുംതാസ് ഷെയ്ഖ് എന്നിവരെ അറസ്റ്റ് ചെയ്തത്. 19ന് താനെ കോടതി മൂവരെയും എട്ട് ദിവസത്തേക്ക് ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തെളിവുകള്‍ കണ്ടെത്താനും ഒപ്പമുള്ളവരെ തിരിച്ചറിയാനും ശബ്ദ രേഖകള്‍ തിരിച്ചറിയാനും ആയുധങ്ങളും മറ്റ് രേഖകളും കണ്ടെത്താനും മൂവരുടെയും കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന് പൊലീസ് കോടതിയോട് അവശ്യപ്പെട്ടിരുന്നു. പൊലീസിന്റെ ആവശ്യം പരിഗണിച്ച കോടതി കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു. കസ്‌കറിന്റെ തട്ടിപ്പ് സംഘവുമായി ദാവൂദിന് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ദാവൂവിന്റെ പേരു പറഞ്ഞാണ് ക്‌സകര്‍ തട്ടിപ്പ് നടത്തിയതെന്നും വന്‍ തുകകള്‍ ആവശ്യപ്പെട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു. അന്യായമായി നാല് ഫഌറ്റുകളും 30 ലക്ഷം രൂപയും തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന ബില്‍ഡറിന്റെ പരാതിയെ തുടര്‍ന്നാണ് കസ്‌കര്‍ പിടിയിലായത്.