Connect with us

Video Stories

കത്വയില്‍ നീതി പുലരുമ്പോള്‍

Published

on


ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി നിര്‍ഭയ ഓടുന്ന വാഹനത്തില്‍ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട ശേഷം രാജ്യം മുഴുവന്‍ പ്രതിഷേധാഗ്നി പുകഞ്ഞ മറ്റൊരു സംഭവമായിരുന്നു കത്വയില്‍ എട്ടു വയസുകാരിയുടെ ക്രൂരവും പൈശാചികവുമായ കൊലപാതകം. രാജ്യം ഇന്നോളം കേട്ടിട്ടില്ലാത്ത ക്രൂരതയാണ് കത്വയിലെ എട്ടു വയസുകാരിയോട് എട്ടംഗ സംഘം ചെയ്തത്. രാജ്യത്തിന്റെ കണ്ണീര്‍ തുള്ളിയായി കത്വയിലെ എട്ടുവയസുകാരി മാറിയപ്പോള്‍ അവളെ ഓര്‍ത്ത് ഹൃദയവും മനുഷ്യത്വവുമുള്ളവരെല്ലാം ഒരിറ്റ് കണ്ണീരെങ്കിലും വാര്‍ത്തു എന്നതാണ് സത്യം. അവള്‍ക്ക് നീതി തേടി ജനലക്ഷങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ പ്രതിഷേധത്തിന്റെ അലയൊലി രാജ്യമെങ്ങും മുഴങ്ങുകയും ചെയ്തു.
എട്ടു വയസിനുള്ളില്‍ ഒരു ആയുഷ്‌കാലം മുഴുവന്‍ അനുഭവിക്കേണ്ടതിലും വലിയ ക്രൂരതയ്ക്കിരയായി ആ പിഞ്ചു കുഞ്ഞ് അലിഞ്ഞില്ലാതെയായെങ്കിലും മരണാനന്തരമെങ്കിലും ആ കുഞ്ഞിന് നീതി വേണമെന്നത് ഓരോ മനുഷ്യന്റേയും ആവശ്യമായിരുന്നു. ഒടുവില്‍ ഒരു വര്‍ഷത്തിനിപ്പുറം കേസില്‍ വിധി പുറത്ത് വരുമ്പോഴും അതി ക്രൂരതക്ക് നേതൃത്വം നല്‍കിയ നരാധമന്‍മാര്‍ക്ക് ഇത് മതിയോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. 2018 ജനുവരി പത്തിനാണ് കത്വയില്‍ എട്ടു വയസുകാരിയെ കാണാതാവുന്നത്. ബകര്‍വാള്‍ വിഭാഗത്തില്‍പെട്ട നാടോടി മുസ്്‌ലിംകളെ പ്രദേശത്ത് നിന്നും ഓടിക്കുന്നതിനായി മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയറിയാതെ ഒരു എട്ടുവയസുകാരി വനത്തില്‍ മേയാന്‍ വിട്ട കുതിരകളെ അന്വേഷിച്ച് അലയുന്നു. പെണ്‍കുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത പ്രതികളിലൊരാള്‍, ബലമായി പിടിച്ചു കൊണ്ടു പോകുന്നു. പിന്നീട് ലഹരി നല്‍കി പീഡിപ്പിച്ചു. പിന്നീടു തൊട്ടടുത്ത ചെറുക്ഷേത്രത്തിലെ മുറിക്കുള്ളില്‍ ഒരാഴ്ച തടവില്‍വെച്ചും പീഡിപ്പിച്ചു. ഈ സമയമത്രയും ഭക്ഷണം നല്‍കാതെ ലഹരി നല്‍കി മയക്കിക്കിടത്തി ആ കുട്ടിയോട് പ്രതികള്‍ കാണിച്ച ക്രൂരത മനസാക്ഷി മരവിപ്പിക്കുന്നതാണ്.
മൃതപ്രായയായ പെണ്‍കുട്ടിയെ പിന്നീടു ക്ഷേത്രത്തിന് അടുത്തുള്ള കലുങ്കിനടിയില്‍ ഒളിപ്പിച്ചു. പ്രതികളിലൊരാള്‍ കൊലപ്പെടുത്തും മുന്‍പു പെണ്‍കുട്ടിയെ ഒരിക്കല്‍ക്കൂടി ക്രൂരമായി പീഡിപ്പിച്ചു. പിന്നീട്, കല്ലുകൊണ്ടു പെണ്‍കുട്ടിയുടെ തലയില്‍ ഇടിക്കുകയായിരുന്നു. ശേഷം മൃതദേഹം അടുത്തുള്ള വനത്തില്‍ ഉപേക്ഷിച്ചു. ജനുവരി 12ന് കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഹിരാനഗര്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ജനുവരി 17ന് മൃതദേഹം വനത്തിനുള്ളില്‍ കണ്ടെത്തി. ഈ സമയമെല്ലാം കാണാതായ പെണ്‍കുട്ടിക്കു വേണ്ടി പ്രദേശത്ത് തെരച്ചില്‍ തുടരുകയായിരുന്നു. പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു.
പ്രാദേശിക പൊലീസിന്റെ അന്വേഷണത്തില്‍ പരാതി ഉയര്‍ന്നതോടെ ജനുവരി 23നു കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണു വിവരങ്ങള്‍ പുറത്തുവന്നത്. ജമ്മുകശ്മീര്‍ പൊലീസ് ക്രൈംബ്രാഞ്ച് ആരെയും കൂസാതെ നടത്തിയ അന്വേഷണം എടുത്ത് പറയേണ്ടത് തന്നെയാണ്. സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പോരാട്ടം ചരിത്രം കൂടിയാണ്. പക്ഷേ ജനാധിപത്യ ഇന്ത്യയെ നാണം കെടുത്തുന്ന പ്രവര്‍ത്തനങ്ങളായിരുന്നു പിന്നീട് ജമ്മുകശ്മീരില്‍ കണ്ടത്. പ്രതികളെ സഹായിക്കാനായി കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരെ ജമ്മു കശ്മീര്‍ കോടതിയില്‍ അഭിഭാഷകര്‍ രംഗത്തെത്തിയത് നാണക്കേടായി. പ്രതികള്‍ക്കു വേണ്ടി ജമ്മുകശ്മീരിലെ പി.ഡി.പി-ബി.ജെ.പി സഖ്യ സര്‍ക്കാറില്‍ മന്ത്രിമാരായിരുന്ന രണ്ട് പേര്‍ തന്നെ പരസ്യമായി രംഗത്തു വന്നതോടെ കേസിന് രാഷ്ട്രീയ മാനവും കൈവന്നു.
ബകര്‍വാള്‍ വിഭാഗക്കാരെ കത്വയിലെ രസാനയില്‍ നിന്നും ഓടിക്കാനായാണ് ബാലികയെ തട്ടിക്കൊണ്ടു പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു കൊന്നതെന്നാണു പ്രോസിക്യൂഷന്‍ കേസ്. ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദേ്യാഗസ്ഥനുമായ സഞ്ജി റാമാണു മുഖ്യ ഗൂഢാലോചകന്‍. ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിലാണു പീഡനം നടന്നത്. റാമിന്റെ മകന്‍ വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയെത്താത്ത അനന്തരവന്‍ (15), സുഹൃത്ത് പര്‍വേഷ് കുമാര്‍, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് ഖജൂരിയ എന്നിവര്‍ കൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തു. കേസ് ആദ്യം അന്വേഷിച്ച എസ്‌ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്‌പെഷ്യല്‍ പൊലീസ് ഓഫിസര്‍ സുരീന്ദര്‍ കുമാര്‍ എന്നിവര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു. ഇതില്‍ സഞ്ജി റാം, പര്‍വേശ് കുമാര്‍, ദീപക് ഖജൂരിയ എന്നിവരെ പത്താന്‍കോട്ടിലെ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനും, മറ്റു മൂന്നു പേരെ അഞ്ചു വര്‍ഷം കഠിന തടവിനും ശിക്ഷിച്ചപ്പോള്‍ സഞ്ജി റാമിന്റെ മകനെ തെളിവുകളുടെ ്അഭാവത്തില്‍ വെറുതെ വിടുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിചാരണയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കേസില്‍ പ്രതി ഭാഗത്തിനായി അഭിഭാഷകരുടെ നിര തന്നെ വാദിക്കാനായി എത്തിയപ്പോള്‍ ആദ്യഘട്ടത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനായി രംഗത്തു വരാന്‍ അഭിഭാഷകര്‍ പോലും തയാറായിരുന്നില്ല. ഈ സന്ദര്‍ഭത്തില്‍ അഭിഭാഷകയായ ദീപിക സിങ് രജാവത്ത് ധൈര്യസമേതം ഇതിന് തയാറായെന്നത് അഭിനന്ദനീയം തന്നെയാണ്. എന്നാല്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം കേസിന്റെ വാദം പത്താന്‍കോട്ടിലേക്ക് മാറ്റിയപ്പോള്‍ വാദം കേള്‍ക്കാന്‍ ദീപിക സിങ് ഹാജരാവാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം കേസ് ഇവരില്‍ നിന്നും മാറ്റുകയായിരുന്നു. രാജ്യത്തെ നടുക്കിയ ക്രൂരകൊലപാതകത്തില്‍ ഇരക്ക് നീതിയുറപ്പാക്കാന്‍ അവസാനം വരെ കുടുംബത്തോടപ്പം നിലയുറപ്പിച്ച മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റിയും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.
പ്രതികള്‍ക്ക് രാഷ്ട്രീയ-ഉദ്യോഗസ്ഥ പിന്തുണ ആദ്യം മുതല്‍ ലഭിച്ച കേസില്‍ നിര്‍ധന കുടുംബത്തിന് നിയമ സഹായമടക്കം ഉറപ്പാക്കിയാണ് യൂത്ത് ലീഗ് കേസില്‍ നീതിക്കൊപ്പം നിലകൊണ്ടത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ മുസ്്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി ജമ്മുകാശ്മീരിലെത്തി ഇരയുടെ കുടുംബത്തെ സമാശ്വസിപ്പിക്കുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഡല്‍ഹിയില്‍ നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗുമായി വിഷയത്തില്‍ അദ്ദേഹം കൂടിക്കാഴ്ച്ചയും നടത്തി. തുടര്‍ന്ന് യൂത്ത് ലീഗ് ദേശീയ കമ്മറ്റി പ്രതിനിധികള്‍ ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറിന്റെ നേതൃത്വത്തില്‍ ജമ്മുവിലെത്തി കുടുംബത്തിന്റെ നിയമപോരാട്ടത്തിനായുള്ള ചെലവ് ഏറ്റെടുക്കുകയായിരുന്നു. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന നിയമ പോരാട്ടത്തില്‍ നിതാന്ത ജാഗ്രതയോടെ നീതി അട്ടിമറിക്കപ്പെടുന്നില്ലന്ന് യൂത്ത് ലീഗ് നേതൃത്വം കുടുംബത്തോടും അഭിഭാഷകരോടും ചേര്‍ന്ന് ഉറപ്പാക്കുകയും ചെയ്തു.
കേസില്‍ ഒരു പ്രതിയെ വെറുതെ വിട്ടതിനെതിരെ അടക്കം ഇനിയും ഉന്നത കോടതികളില്‍ നിയമ പോരാട്ടം നടക്കേണ്ടതുണ്ട്. ഈ പോരാട്ടം ഇവിടെ അവസാനിക്കരുത്. ഇത്തരത്തിലുള്ള നരാധമന്‍മാരെ മാതൃകപരമായി ശിക്ഷിക്കുകയും ഇനി ഒരാള്‍ക്കും ഇത്തരമൊരു വിധി ഉണ്ടാവാതിരിക്കാനുള്ള ജാഗ്രതയും ഉണ്ടാവേണ്ടതുണ്ട്. കത്വയിലെ പെണ്‍കുട്ടിക്ക് മരണാനന്തരമെങ്കിലും നീതി പുലരേണ്ടതുണ്ട്. അതിനായുള്ള പോരാട്ടത്തില്‍ അവരുടെ കുടുംബത്തിന് ജനാധിപത്യ ഇന്ത്യയുടെ പിന്തുണ കൂടിയേ തീരൂ.

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending