ജമ്മു: കഠ്‌വയില്‍ എട്ട് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ അഭിഭാഷക ദീപികാ സിങ് രജാവത്തിനെ ഒഴിവാക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അഭിഭാഷ കോടതിയില്‍ കൃത്യമായി ഹാജരാവാത്തതിനാണ് വക്കാലത്ത് പിന്‍വലിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. നിരവധി തവണ പഠാന്‍കോട്ട് കോടതി കേസ് പരിഗണിച്ചെങ്കിലും രണ്ട് തവണ മാത്രമാണ് ദീപികാ സിങ് കോടതിയില്‍ ഹാജരായതെന്ന് കുടുംബം പറഞ്ഞു.

അതേസമയം കേസ് ഏറ്റെടുത്തതിന്റെ പേരില്‍ ദീപികാ സിങ്ങിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നു. താന്‍ ഉടന്‍ കൊല്ലപ്പെട്ടേക്കുമെന്ന് കഴിഞ്ഞ ദിവസം ദീപികാ സിങ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അവരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കുടുംബം വക്കാലത്ത് പിന്‍വലിക്കുന്നതെന്നാണ് വിവരം.

കഠ്‌വ കേസ് ദീപിക സിംഗ് സ്വയം ഏറ്റെടുക്കുകയായിരുന്നു. അതിന് ശേഷം വിവിധയിടങ്ങളില്‍ നിന്ന് ബലാത്സംഗവധഭീഷണികളടക്കം അവര്‍ക്ക് നേരിടേണ്ടി വരികയും ചെയ്തു. നിരവധി ദേശീയ അന്തര്‍ദേശിയ വേദികളില്‍ കഠ്‌വ പെണ്‍കുട്ടിക്ക് നീതി തേടി അവര്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.