നിലമ്പൂര്‍: കവളപ്പാറയിലും പുത്തുമലയിലും കാണാതായവര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. കവളപ്പാറയില്‍ നിന്ന് 13 പേരെയും പുത്തുമലയില്‍ നിന്ന് അഞ്ച് പേരെയും കൂടി കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയര്‍ഫോഴ്‌സും സന്നദ്ധ സംഘടന പ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുന്നത്.

വയനാട് പുത്തുമലയില്‍ കാണാതായ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പുത്തുമലയില്‍ തിരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ച് സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് മാത്രമാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവിടെ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്, ഈ സാഹചര്യത്തിലാണ് തിരച്ചില്‍ സൂചിപ്പാറയിലേക്ക് മാത്രം കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്.

കവളപ്പാറയില്‍ നിന്ന് ഇനിയും 13 പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഹൈദരാബാദില്‍നിന്നെത്തിച്ച ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചില്‍ ഫലം കണ്ടിരുന്നില്ല. മണ്ണിലെ വെള്ളത്തിന്റെ സാന്നിധ്യമാണ് റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചിലിന് തടസമായത്.