കല്‍പ്പറ്റ: നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും വര്‍ഗീയം വിഷം പരത്തുകയാണെന്ന് എ ഐ സി സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്താനില്‍ ക്ഷണിക്കാതെ ചായകുടിക്കാന്‍ പോയയാളാണ് മോദി. വയനാടിനെ പാക്കിസ്താനോട് ഉപമിച്ചുകൊണ്ടുള്ള അമിത്ഷായുടെ പ്രസംഗം കേരളത്തെ അപമാനിക്കുന്നതാണ്. വയനാട്ടില്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടിക്ക് സിവില്‍സര്‍വീസ് പരീക്ഷയില്‍ റാങ്ക് ലഭിച്ചപ്പോള്‍ ഒരുമിച്ച് ആഘോഷിച്ചവരാണ് നാം. അമിത്ഷായുടെ അന്ധത നിറഞ്ഞ കണ്ണുകള്‍ക്ക് ഇത്തരം കാഴ്ചകള്‍ കാണാന്‍ സാധിക്കില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. മോദിഭരണത്തില്‍ വന്‍ അഴിമതികളാണ് നടന്നിട്ടുള്ളത്. റാഫേലില്‍ റിവ്യൂഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ വിഷയത്തില്‍ അഴിമതി നടന്നുവെന്ന് തന്നെ വ്യക്തമായിരിക്കുകയാണ്. എച്ച് എ എല്ലിനെ ഒഴിവാക്കി അനില്‍ അംബാനിക്ക് നല്‍കിയതിലൂടെ 30,000 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അഫിഡവിറ്റ് ശരിയല്ലെന്ന് വ്യക്തമായി. സര്‍ക്കാരിന്റെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനുമുള്ള മറുപടി കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.