കൊച്ചി: കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സിലേക്ക് ഓസീസ് എ ലീഗില്‍ നിന്ന് പുതിയ താരമെത്തുന്നു. 25 കാരനായ ഫോര്‍വേഡ് ജോര്‍ദാന്‍ മുറേയാണ് ക്ലബുമായി കരാര്‍ ഒപ്പിടാന്‍ ഇരിക്കുന്നത്. 3.33 കോടി രൂപയാണ് താരത്തിന്റെ വിപണി മൂല്യം. നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്ന സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സ് താരത്തിന് റിലീസിങ് ക്ലോസ് നല്‍കിയിട്ടുണ്ട്. മുറേയുടെ ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ച് ഓസീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഐഎസ്എല്‍ ഏഴാം പതിപ്പില്‍ ഇംഗ്ലീഷ് സൂപ്പര്‍ ഫോര്‍വേഡ് ഗാരി ഹൂപ്പര്‍ക്കൊപ്പമായിരിക്കും മുറേ പന്തു തട്ടുക. നോര്‍വിച്ച് സിറ്റിയിയിലും സെല്‍റ്റിക്കിലും കളിച്ച പരിചയവുമായാണ് ഹൂപ്പര്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. ചാംപ്യന്‍സ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്‌കോട്ടിഷ് ലീഗ് തുടങ്ങിയ മുന്‍നിര സോക്കര്‍ വേദികളില്‍ ഹൂപ്പര്‍ ബൂട്ടുകെട്ടിയിട്ടുണ്ട്.

2018ലാണ് മുറേ മറൈനേഴ്‌സിലെത്തിയത്. 41 കളികളില്‍ നിന്ന് ഏഴു ഗോളുകള്‍ നേടിയിട്ടുണ്ട്. ജോര്‍ദാന് എല്ലാ ഭാവുകങ്ങളും നേരുന്നതായി മറൈനേഴ്‌സ് ഹെഡ് കോച്ച് അലന്‍ സ്റ്റാജിക് പറഞ്ഞു.

അതിനിടെ, പുതിയ സീസണു വേണ്ടിയുള്ള ഒരുക്കങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് ഗോവയില്‍ ആരംഭിച്ചു. സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ്, മുഖ്യപരിശീലകന്‍ കിബു വിക്കുന എന്നിവരുടെ മേല്‍നോട്ടത്തിലാണ് പരിശീലനം. ഇന്ത്യന്‍ താരങ്ങളാണ് ഇപ്പോള്‍ പരിശീലനത്തില്‍ ഉള്ളത്. വൈകാതെ വിദേശ താരങ്ങളുമെത്തും.

സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിന്‍സെന്റ ഗോമസ്, അര്‍ജന്റീസന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഫാക്കുണ്ടോ പെരേര, പ്രതിരോധത്തില്‍ സിംബാബ്‌വെ താരം കോസ്റ്റ എന്നിവര്‍ ഈ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മികച്ച സൈനിങുകളാണ് എന്ന് വിലയിരുത്തപ്പെടുന്നു.