തിരുവനന്തപുരം: കേരളത്തിന്റെ ഇരുപത്തിരണ്ടാം രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശക്തമായ രാഷ്ട്രീയം പറഞ്ഞ പലസ്തീന്‍ ചിത്രം വാജിബിന് സുവര്‍ണ ചകോരം. പുരസ്‌കാരം ( 15 ലക്ഷം രൂപ) വാജിബിന്റെ സംവിധായക ആന്‍മരിയ വാസിര്‍ മന്ത്രി തോമസ് ഐസക്കില്‍ നിന്ന് ഏറ്റുവാങ്ങി. മികച്ച സംവിധായികയ്ക്കുള്ള രജതചകോരം അനുജ ബൂന്യവാട്‌നയും (മലില) നവാഗത സംവിധായകനുള്ള രജതചകോരം സഞ്ജു സുരേന്ദ്രനും (ഏദന്‍) കരസ്ഥമാക്കി. രയ്ഹാന സംവിധാനം ചെയ്ത ‘ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്’ എന്ന ചിത്രത്തിനാണ് പ്രേക്ഷക പുരസ്‌കാരം. മാര്‍കോ മുള്ളര്‍ അധ്യക്ഷനായുള്ള ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.

മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രെസ്‌കി പുരസ്‌കാരം സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഏദന്‍’ നേടി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷി’യും എന്ന ചിത്രത്തിനാണ്.

മേളയില്‍ 65 രാജ്യങ്ങളില്‍നിന്നുള്ള 190ല്‍ പരം ചിത്രങ്ങളാണു പ്രദര്‍ശിപ്പിച്ചത്. ലോക സിനിമാ വിഭാഗത്തിലെ 81 ചിത്രങ്ങളും മല്‍സര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങളുമുള്‍പ്പെടെ 14 സിനിമകളുണ്ടായിരുന്നു. ജൂറി അംഗങ്ങളായ ടി.വി.ചന്ദ്രന്‍, കാര്‍ലോസ് മൊറെ, അലക്സാണ്ടര്‍ സൊകുറൊവ് എന്നിവരുടെ ചിത്രങ്ങളും മേളയിലുണ്ടായിരുന്നു. 14 മല്‍സരചിത്രങ്ങളില്‍ കാന്‍ഡലേറിയ, ഗ്രെയ്ന്‍, പൊമഗ്രനെറ്റ് ഓര്‍ച്ചാഡ്, ഇന്ത്യന്‍ ചിത്രമായ ന്യൂട്ടന്‍ എന്നിവ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി.

ഫ്രഞ്ച് സംവിധായകനായ റോള്‍പെക്കിന്റെ ദ് യങ് കാള്‍മാര്‍ക്സും റഷ്യന്‍ ചിത്രം ലവ്ലെസും ഇറാനിയന്‍ ചിത്രം കുപാലും ലോകസിനിമാ വിഭാഗത്തില്‍ പ്രേക്ഷകശ്രദ്ധ നേടി. വൈകിട്ട് നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങ് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു. വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സൊക്കുറോവിന് സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം തോമസ് ഐസക് സമ്മാനിച്ചു.

മികച്ച ചിത്രം
ആന്‍ മേരി ജസീര്‍ സംവിധാനം ചെയ്ത ഫലസ്തീനിയന്‍ ചിത്രം ‘വാജിബ്’
സുവര്‍ണ്ണ ചകോരം, 15 ലക്ഷം രൂപ (സംവിധായികയ്ക്കും നിര്‍മ്മാതാവിനും തുല്യമായി വീതിക്കും), പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്.

മികച്ച സംവിധായിക
അനൂച ബൂന്യവതന, ചിത്രം. ‘മലില ദ ഫെയര്‍വെല്‍ ഫ്ളവര്‍’
രജത ചകോരം, 4 ലക്ഷം രൂപ, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്.

മികച്ച നവാഗത സംവിധായകന്‍
സഞ്ജു സുരേന്ദ്രന്‍, ചിത്രം. ‘ഏദന്‍’
രജത ചകോരം, 3 ലക്ഷം രൂപ, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്.

പ്രേക്ഷക പുരസ്‌കാരം
രയ്ഹാന സംവിധാനം ചെയ്ത ‘ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്’ എന്ന ചിത്രത്തിനാണ് പ്രേക്ഷക പുരസ്‌കാരം
രജത ചകോരം, 2 ലക്ഷം രൂപ, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്.

ജോണി ഹെന്റിക്സ് സംവിധാനം ചെയ്ത കൊളംബിയന്‍ ചിത്രം കാന്‍ഡലേറിയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.

ഫിപ്രസ്‌കി പുരസ്‌കാരം
മികച്ച ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം അമിത് മസ്രുര്‍ക്കര്‍ സംവിധാനം ചെയ്ത ‘ന്യൂട്ടനു’ ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഏദന്‍’ ചിത്രത്തിന് ലഭിച്ചു.

നെറ്റ്പാക്ക് പുരസ്‌കാരം
മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും അമിത് മസ്രുര്‍ക്കര്‍ സംവിധാനം ചെയ്ത ‘ന്യൂട്ടനു’ തന്നെ. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന് ലഭിച്ചു.