തിരുവനന്തപുരം: പ്രതിപക്ഷത്തിരിക്കുമ്പോള്‍ സമരം ചെയ്യുകയും ഭരണം കിട്ടുമ്പോള്‍ നേരത്തെ എന്തിനൊക്കെ എതിരെ സമരം ചെയ്‌തോ അതെല്ലാം നടപ്പാക്കുകയും ചെയ്യുകയെന്ന് പതിവ് രീതി ആവര്‍ത്തിച്ച് സി.പി.എം. സ്വയംഭരണ കോളേജുകളുടെ കാര്യത്തിലാണ് പുതിയ നയംമാറ്റം. ഇനി മുതല്‍ എന്‍ജിനീയറിങ് കോളേജുകള്‍ക്കും അക്കാദമിക സ്വയംഭരണത്തിന് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സ്വയംഭരണത്തെ ശക്തമായി എതിര്‍ത്തിരുന്ന സി.പി.എം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതിനെതിരെ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു.

സംസ്ഥാനത്തെ 24 എന്‍ജിനീയറിങ് കോളേജുകള്‍ക്കാണ് അക്കാദമിക സ്വയംഭരണത്തിന് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്, ശ്രീചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്, എല്‍.ബി.എസ് കാസര്‍കോട്, കോളേജ് ഓഫ് എന്‍ജിനീയറിങ് ചെങ്ങന്നൂര്‍, ഗവ: മോഡല്‍ എന്‍ജിനീയറിങ് കോളേജ് തൃക്കാക്കര തുടങ്ങിയവയാണ് സ്വയംഭരണത്തിന് അനുമതി നല്‍കിയ കോളേജുകള്‍.