കൊച്ചി: ബംഗളുരു യാത്രക്കരെ സ്വകാര്യ ബസ്സില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. സുരേഷ് കല്ലട ട്രാവല്‍സിലെ ജീവനക്കാരായ തിരുവനന്തപുരം സ്വദേശി ജിതിന്‍, ആലത്തൂര്‍ സ്വദേശി ജയേഷ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘം ചേര്‍ന്ന് മര്‍ദിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ബസ് പൊലീസ് പിടിച്ചെടുത്തു. ഇതര സംസ്ഥാനക്കാരനായ ബസ് ഡ്രൈവറെയും മറ്റൊരു ജീവനക്കാരനായ ഗിരിലാലിനെയും ഉടന്‍ കസ്റ്റഡിയിലെടുക്കും.
ഞായറാഴ്ച പുലര്‍ച്ചെ വൈറ്റിലയിലെ ട്രാവല്‍സിന്റെ ഓഫീസിന് മുന്നിലാണ് യാത്രക്കാര്‍ക്ക് മര്‍ദനമേറ്റത്. ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി അജയഘോഷിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. അജയഘോഷിന്റെ പക്കല്‍ ഉണ്ടായിരുന്ന പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണും അക്രമിസംഘം തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്ക് പോകുകയായിരുന്ന ബസ് ഹരിപ്പാട് കരുവാറ്റയില്‍ ബ്രേക്ക് ഡൗണ്‍ ആയിരുന്നു. പകരം സംവിധാനം ഏര്‍പ്പെടുത്താതെ ബസ് മൂന്നര മണിക്കൂറോളം റോഡില്‍ നിര്‍ത്തിയിട്ടു. ഇത് ചോദ്യം ചെയ്ത യാത്രക്കാരോട് ജീവനക്കാര്‍ തട്ടിക്കയറി. ഹരിപ്പാട് പൊലീസ് ഇടപെട്ടാണ് പിന്നീട് കൊച്ചിയില്‍ നിന്ന് പകരം ബസ് ഏര്‍പ്പെടുത്തി യാത്രക്കാരെ കൊണ്ടു പോയത്.
ഈ വാഹനം ഞായറാഴ്ച പുലര്‍ച്ചെ 4.30ന് വൈറ്റിലയില്‍ കല്ലട ട്രാവല്‍സിന്റെ ഓഫീസിലെത്തിയപ്പോഴാണ് ഒരുപറ്റം ജീവനക്കാര്‍ തൃശൂര്‍ സ്വദേശി അജയഘോഷ്, ബത്തേരി സ്വദേശി സച്ചിന്‍, പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌ക്കര്‍ എന്നിവരെ ബസിനുള്ളില്‍ കയറി മര്‍ദിച്ചത്. ആക്രമണത്തിനു ശേഷം ഇവരെ പുറത്തേക്ക് തള്ളിയിട്ട് ബസ് ബംഗളുരുവിലേക്ക് യാത്ര തുടര്‍ന്നു. മര്‍ദനത്തില്‍ അവശരായ ഇവര്‍ സമീപമുള്ള കടയില്‍ അഭയം പ്രാപിച്ചു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ മറ്റൊരു യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് ഇവ സമൂഹ മാധ്യമങ്ങളിലേക്ക് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. മര്‍ദനമേറ്റ അജയ്‌ഘോഷ് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് ഡിജിപി ലോക്‌നാഥ് ബഹ്‌റ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമായി സംസാരിച്ചു. ബസ് കമ്പനിയുടെ ഉടമയെ നോട്ടീസ് നല്‍കി വിളിച്ചു വരുത്താന്‍ ദക്ഷിണമേഖല എഡിജിപി മനോജ് എബ്രഹാമിന് നിര്‍ദേശം നല്‍കി. കമ്പനിയുടെ തിരുവനന്തപുരം മാനേജരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് ആര്‍ടിഒ ജോജി പി ജോസ് പറഞ്ഞു. ബസ് കെ.ആര്‍ സുരേഷ് കുമാറിന്റെ പേരില്‍ ഇരിങ്ങാലക്കുടയില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ തുടര്‍നടപടികള്‍ക്കായി കേസ് അങ്ങോട്ട് കൈമാറും. ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.