ഹൈദരാബാദ്: ഹൈദരാബാദില്‍ മലയാളി യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ സ്വദേശി അരുണ്‍ പി ജോര്‍ജിനെയാണ് സെക്കന്തരാബാദിനടുത്ത് രാംനഗറിലെ വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്നൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ഹൈദരാബാദ് മാനേജറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അരുണ്‍. ശനിയാഴ്ച വീട്ടിലേക്ക് മടങ്ങാനിരുന്നതാണ് അരുണ്‍. എന്നാല്‍ വൈകുന്നേരമായിട്ടും ഫോണ്‍ കോള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ സുഹൃത്തുകളെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ അരുണിന്റെ താമസസ്ഥലത്തെത്തി പൂട്ടുതകര്‍ത്ത് അകത്തു കടന്നപ്പോഴാണ് ബാത്ത്‌റൂമില്‍ തലയിലും കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റ് അരുണിനെ മരിച്ച നിലയില്‍ കണ്ടത്. അലമാര തുറന്ന നിലയിലായതിനാല്‍ മോഷണശ്രമമാവാമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. തൊടുപുഴ പന്നൂര്‍ പറനിലയം വീട്ടില്‍ ജോര്‍ജ്ജിന്റെയും എല്‍സമ്മയുടെയും മകനാണ് അരുണ്‍.