പാനൂര്‍: മുന്‍ എം.എല്‍.എയും മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവുമായ കെ.എം. സൂപ്പി സാഹിബ് (83) അന്തരിച്ചു. ജനാസ നമസ്‌കാരം വൈകുന്നേരം നാലു മണിക്ക് പാനൂര്‍ ജുമുഅത്ത് പള്ളിയില്‍. ആദരസൂചകമായി വൈകുന്നേരം അഞ്ചുവരെ കൂത്തുപറമ്പ് മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കും.
പാനൂര്‍ ടൗണില്‍ അഞ്ചു മണിക്ക് സര്‍വകക്ഷി അനുശോചനം നടക്കും. രണ്ടര മണി മുതല്‍ പാനൂര്‍ നജാത്തുല്‍ ഇസ്ലാം നഴ്‌സറി സ്‌കൂള്‍ അങ്കണത്തില്‍ ജനാസ പൊതുദര്‍ശനത്തിനു വെക്കും.
1933 ഏപ്രില്‍ അഞ്ചിന് മമ്മു-പാത്തു ദമ്പതികളുടെ മകനായി ജനിച്ച കെ.എം സൂപ്പി സാഹിബ് എസ്.എസ്.എല്‍.സി വിദ്യാഭ്യാസവും വൈദ്യവിഭൂഷണവും പാസായി. സോഷ്യലിസ്റ്റ് കളരിയില്‍ പയറ്റിത്തെളിഞ്ഞ ശേഷമാണ് മുസ്ലിം ലീഗിന്റെ ഹരിത പതാക കയ്യേന്തുന്നത്. സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായ പി.ആര്‍ കുറുപ്പിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ അദ്ദേഹം കണ്ണൂരിലെ രാഷ്ട്രീയ രംഗത്തെ അതികായന്മാരിലൊരാളായി മാറി. മികച്ച വാഗ്മിയായിരുന്ന അദ്ദേഹം നേതൃ-അണി ഭേദമന്യേ എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്നു. കണ്ണൂര്‍ ജില്ലയിലെ മുസ്ലിം ലീഗിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു.
1970 മുതല്‍ 1977 വരെയും 1991 മുതല്‍ 1996 വരെയും നിയമസഭയില്‍ പെരിങ്ങളം മണ്ഡലത്തെ പ്രതിനിധീകരിച്ചു. പാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക്ക് വികസന സമിതി പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ വഹിച്ചു. 1980, 82, 84 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എ.കെ.ശശീന്ദ്രന്‍, എന്‍.എ.മമ്മുഹാജി, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവരുടെ വിജയത്തില്‍ നേതൃപരമായ പങ്കു വഹിച്ചു. പാനൂര്‍ ബസ് സ്റ്റാന്റ് നിലവില്‍ വന്നത് 1990-ല്‍ സൂപ്പി സാഹിബ് പ്രസിഡണ്ടായ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്താണ്.
Be the first to write a comment.