Connect with us

kerala

പുതുവര്‍ഷ രാവില്‍ കൊച്ചി മെട്രോയ്ക്ക് റെക്കോര്‍ഡ് നേട്ടം; 1.61 ലക്ഷത്തിലധികം യാത്രകള്‍

കൊച്ചി നഗരത്തിന്റെ ഗതാഗത ചുമതല സുരക്ഷിതമായി കൈകാര്യം ചെയ്ത് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ചരിത്ര നേട്ടം സ്വന്തമാക്കി.

Published

on

കൊച്ചി: പുതുവര്‍ഷാഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി നഗരത്തിന്റെ ഗതാഗത ചുമതല സുരക്ഷിതമായി കൈകാര്യം ചെയ്ത് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ചരിത്ര നേട്ടം സ്വന്തമാക്കി. ഡിസംബര്‍ 31നും പുതുവര്‍ഷ ദിനത്തിന്റെ പുലര്‍ച്ചെയും കൊച്ചി മെട്രോ ട്രെയിന്‍, ഇലക്ട്രിക് ഫീഡര്‍ ബസ്, വാട്ടര്‍ മെട്രോ എന്നിവയിലായി 1,61,683 പേര്‍ യാത്ര ചെയ്തു. പുലര്‍ച്ചെ രണ്ട് മണിവരെ സര്‍വീസ് നടത്തിയ കൊച്ചി മെട്രോ ട്രെയിനില്‍ 1,39,766 പേര്‍ യാത്ര ചെയ്തു.

പുലര്‍ച്ചെ നാല് മണിവരെ ഓടിയ ഇലക്ട്രിക് ഫീഡര്‍ ബസുകളില്‍ 6,817 പേരും, പുലര്‍ച്ചെ 5.10 വരെ അധിക സര്‍വീസുകളോടെ പ്രവര്‍ത്തിച്ച വാട്ടര്‍ മെട്രോയില്‍ 15,000ത്തിലധികം പേരും സഞ്ചരിച്ചു. ഇതോടെ പുതുവര്‍ഷ രാവില്‍ കൊച്ചി മെട്രോ സമ്പൂര്‍ണ്ണ ഗതാഗത സംവിധാനവും റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. ഡിസംബര്‍ 31ന് മാത്രം 44,67,688 രൂപ വരുമാനം നേടി കൊച്ചി മെട്രോ ട്രെയിന്‍ പ്രതിദിന വരുമാനത്തിലും പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു.

പുതുവര്‍ഷാഘോഷ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാന്‍ കൃത്യവും സുരക്ഷിതവുമായ മെട്രോ സര്‍വീസ് ജില്ലാ ഭരണകൂടത്തിനും പൊലീസിനും വലിയ പിന്തുണയായതായി അധികൃതര്‍ വ്യക്തമാക്കി. ഈ നേട്ടത്തിന് പിന്നില്‍ കൂട്ടായ പരിശ്രമമാണെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റ പറഞ്ഞു. കൃത്യതയുള്ള സര്‍വീസ്, ശുചിത്വം, ജീവനക്കാരുടെ മികച്ച പെരുമാറ്റം, യാത്രക്കാരുടെ സഹകരണം, മാധ്യമ-സോഷ്യല്‍ മീഡിയ പ്രചരണം, ഉപഭോക്തൃ സൗഹൃദ സാങ്കേതികവിദ്യകള്‍ തുടങ്ങിയ ഘടകങ്ങള്‍ നേട്ടത്തിന് സഹായകരമായതായും അദ്ദേഹം വ്യക്തമാക്കി.

ഫസ്റ്റ് മൈല്‍-ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 15 ഇലക്ട്രിക് ഫീഡര്‍ ബസുകള്‍ വിവിധ റൂട്ടുകളില്‍ മെട്രോ സ്റ്റേഷനുകളെയും വാട്ടര്‍ മെട്രോ സ്റ്റേഷനുകളെയും ബന്ധിപ്പിച്ച് സര്‍വീസ് നടത്തി. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ജങ്കാര്‍ വഴി വൈപ്പിനിലെത്തിയ യാത്രക്കാരെ വിവിധ ഭാഗങ്ങളിലേക്കും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്കും എത്തിക്കുന്നതിലും ഫീഡര്‍ ബസുകള്‍ നിര്‍ണായകമായി.

പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി വാട്ടര്‍ മെട്രോയും റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. മട്ടാഞ്ചേരി-ഹൈക്കോര്‍ട്ട്, വൈപ്പിന്‍-ഹൈക്കോര്‍ട്ട് റൂട്ടുകളില്‍ അധിക സര്‍വീസ് ഉള്‍പ്പെടെ പുലര്‍ച്ചെ 5.10 വരെ സര്‍വീസ് നടത്തിയ വാട്ടര്‍ മെട്രോയില്‍ 15,000ത്തോളം പേര്‍ യാത്ര ചെയ്തു. 2017ല്‍ സര്‍വീസ് ആരംഭിച്ച കൊച്ചി മെട്രോയില്‍ ഇതുവരെ 17.52 കോടി യാത്രകള്‍ പൂര്‍ത്തിയായി. ഈ വര്‍ഷം മാത്രം യാത്രക്കാരുടെ എണ്ണം 3.65 കോടിയായി ഉയര്‍ന്നു. ഡിസംബറില്‍ മാത്രം 32.68 ലക്ഷം പേര്‍ കൊച്ചി മെട്രോ സേവനം ഉപയോഗിച്ചു. നഗരത്തില്‍ ഹരിത ഗതാഗത സംവിധാനം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണെന്ന് കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.

 

kerala

ശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ല, തൊണ്ടിമുതലും കണ്ടെത്തണം -രമേശ് ചെന്നിത്തല

അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലേക്ക് പുരാവസ്തുവായിത് കടത്തിയാല്‍ കോടാനുകോടി ഇവിടെ ലാഭം കിട്ടുമെന്ന് ഉറപ്പുള്ള ആളുകളാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

Published

on

ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ തങ്ങള്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് വന്നുകൊണ്ടിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല. വലിയൊരു കൊള്ളയാണ് ശബരിമലയുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത്.

ആളുകളെ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ലല്ലോ? തൊണ്ടിമുതല്‍ കണ്ടെത്തണ്ടേ? തൊണ്ടി മുതല്‍ എവിടെ? അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലേക്ക് പുരാവസ്തുവായിത് കടത്തിയാല്‍ കോടാനുകോടി ഇവിടെ ലാഭം കിട്ടുമെന്ന് ഉറപ്പുള്ള ആളുകളാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് ഒരു വിദേശ മലയാളി കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ എസ്ഐടിയുടെ മുമ്പില് ചെന്ന് പറയാമെന്ന് കരുതിയത്. കൂടുതല്‍ അന്വേഷണം അനിവാര്യമാണ് അദ്ദേഹം വ്യക്തമാക്കി.

ഈ കാര്യത്തില്‍ ശക്തമായ നടപടി ഉണ്ടാകണെന്നും ഹൈക്കോടതിയുടെ നിയന്ത്രണത്തില്‍ സിബിഐ അന്വേഷണം വരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മാത്രമേ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ. ഒരു കാര്യം വളരെ വ്യക്തമാണ്. അയ്യപ്പന്റെ മുതല് കട്ടവരാരും രക്ഷപ്പെട്ടിട്ടില്ല. രക്ഷപ്പെടാന്‍ പോകുന്നില്ല. അയ്യപ്പന്റെ മുതല്‍ അടിച്ചുകൊണ്ട് പോയവര്‍ നിയമത്തിന്റെ മുമ്പില്‍ വന്നേ മതിയാകൂ. അതിനു വേണ്ടിയുയുള്ള പോരാട്ടം ഞങ്ങള്‍ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ജയിലില്‍ കിടക്കുന്ന മൂന്ന് പാര്‍ട്ടി നേതാക്കളെ സംരക്ഷിക്കുകയല്ലേ? വാര്‍ത്താ സമ്മേളനം കഴിഞ്ഞ തവണ നടത്തിയപ്പോഴും അദ്ദേഹം ഒന്നും പറഞ്ഞില്ലല്ലോ – എന്നും അദ്ദേഹം വിമര്‍ശിച്ചു.

 

 

 

Continue Reading

kerala

സഹോദരിയുടെ മകന്റെ മര്‍ദനം; വയനാട് യുവാവ് മരിച്ചു

മദ്യലഹരിയിലായിരുന്നു ആക്രമണമെന്നാണ് ഉന്നതി നിവാസികള്‍ പറയുന്നത്.

Published

on

വയനാട്: കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് ആക്രമണത്തില്‍ മരണപ്പെട്ടത്. സഹോദരിയുടെ മകനായ ജ്യോതിഷ് ആണ് ആക്രമണം നടത്തിയത് ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്നു ആക്രമണമെന്നാണ് ഉന്നതി നിവാസികള്‍ പറയുന്നത്.

ഗുരുതരമായി പരിക്കേറ്റ കേശവനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ കേശവന്റെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം: തവനൂര്‍ സ്വദേശിക്ക് 10 വര്‍ഷം കഠിനതടവും പിഴയും

പതിനാലുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 38 കാരനായ പ്രതിക്ക് കഠിനതടവും പിഴയും

Published

on

മലപ്പുറം: പതിനാലുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 38 കാരനായ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മൂത്തേടം കാരപ്പുറം ചോലമുണ്ട് പൂങ്ങോടന്‍ സുനില്‍ദാസ് എന്ന തവനൂര്‍ സ്വദേശിക്കെതിരെയാണ് നിലമ്പൂര്‍ അതിവേഗ പോക്സോ കോടതി ജഡ്ജി കെ.പി. ജോയ് വിധി പ്രഖ്യാപിച്ചത്.

പിഴ തുക അടച്ചാല്‍ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പിഴ അടയ്ക്കാത്ത പക്ഷം പ്രതി ആറുമാസം അധിക തടവ് അനുഭവിക്കേണ്ടിവരും. ശിക്ഷയ്ക്ക് പിന്നാലെ പ്രതിയെ തവനൂര്‍ ജയിലിലേക്ക് അയച്ചു. 2023 സെപ്റ്റംബറിലും 2024 ജനുവരിയിലുമാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്.

എടക്കര പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എന്‍. അനീഷാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് എടക്കര പൊലീസ് എസ്എച്ച്ഒ എന്‍.ബി. ഷൈജു അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസന്വേഷണത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീജ എസ്. നായര്‍ സഹായം നല്‍കി. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. കേസില്‍ 21 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ ലിയസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.സി. ഷീബയും പ്രോസിക്യൂഷനെ സഹായിച്ചു.

 

Continue Reading

Trending