മലപ്പുറം കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ആക്രമിച്ച കേസിൽ പ്രതിയായ പതിനഞ്ചുകാരനെ രണ്ടാഴ്ചത്തേക്ക് ജുവനൈൽ ഹോമിലേക്ക് മാറ്റി.പ്രതിയുടെ പശ്ചാത്തലവും ഇന്റർനെറ്റ് അടക്കമുള്ള കാര്യങ്ങൾ കൂടുതൽ പരിശോധിക്കും.ആക്രമണത്തിന് പ്രതിക്ക് മറ്റ് സഹായങ്ങളോ പ്രചോദനമോ എവിടെനിന്നെങ്കിലും ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.ഇതുവരെയുള്ള വിലയിരുത്തൽ പുറത്തുനിന്നുള്ള പങ്കില്ല എന്നാണ്.

വൈദ്യ പരിശോധനക്കു ശേഷം ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയായ പത്താം ക്ലാസുകാരനെ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ ഹാജരാക്കിയത്.തുടർന്ന് രണ്ടാഴ്ചത്തേക്ക് ജുവൈനൽ ഹോമിലേക്ക് മാറ്റി.

ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പെണ്‍കുട്ടി വീട്ടില്‍ നിന്ന് കൊട്ടുക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ പകല്‍ ഒരു മണിയോടെയാണ് സംഭവം. കോളജ് വിദ്യാര്‍ഥിനിയായ യുവതിയെ പ്രതി വയലിലേക്ക് വലിച്ചുകൊണ്ടുപോയി കല്ലുകൊണ്ട് തലക്കടിച്ചു കീഴ്പ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടി കൊട്ടുക്കര അങ്ങാടിയിലേക്ക് വരുന്നതിനിടെ വഴിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തു നില്‍കക്കുകയായിരുന്നു പ്രതി. തുടര്‍ന്ന് പെണ്‍കുട്ടിയെ കീഴ്പ്പെടുത്തി സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. കുതറി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ അക്രമി കല്ലുകൊണ്ട് തലക്കിടിച്ചു വീഴ്ത്തി. ഇതോടെ പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിച്ചെന്ന് അഭയം തേടുകയായിരുന്നു.