സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സഹകരണബാങ്കുകളെ രക്ഷപ്പെടുത്താന്‍. സര്‍ക്കാര്‍ തയാറാക്കിയ പെന്‍ഷന്‍ പാക്കേജും സഹകരണ മന്ത്രിയുടെ പ്രസ്താവനകളും വിരല്‍ചൂണ്ടുന്നതും ഇതിന്റെ സാധ്യതകളിലേക്ക് തന്നെ. നിലവിലെ പെന്‍ഷന്‍ കുടിശികയും ആറുമാസത്തെ പെന്‍ഷനുമടക്കം 584 കോടി രൂപ വായ്പയാണ് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കെ.എസ്.ആര്‍.ടി.സിക്ക് വായ്പയായി നല്‍കുന്നത്. ദേശസാല്‍കൃത ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 3500 കോടിയുടെ ദീര്‍ഘകാല വായ്പക്ക് എട്ടു ശതമാനമാണ് പലിശ എങ്കില്‍ ഇവിടെ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം പത്ത് ശതമാനം പലിശക്കാണ് വായ്പ നല്‍കുന്നത്. ഫലത്തില്‍ 584 കോടിയുടെ വായ്പക്ക് ആറുമാസത്തെ പലിശയായി 21.7 കോടിയും ചേര്‍ത്ത് 605.70 കോടി രൂപയാണ് സഹകരണ സ്ഥാപനങ്ങള്‍ നേടാന്‍ പോകുന്നത്. സാമൂഹികപ്രതിബദ്ധത, പെന്‍ഷന്‍കാരുടെ കണ്ണീരൊപ്പാനുള്ള തീരുമാനം എന്നിങ്ങനെയുള്ള സര്‍ക്കാറിന്റെ അവകാശവാദങ്ങളെല്ലാം ഇതോടെ പൊളിയുകയാണ്.
പെന്‍ഷന്‍ നല്‍കാന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമുണ്ടാക്കിയതിന് പിന്നില്‍ ലാഭം മാത്രമാണ് ലക്ഷ്യമെന്ന് ആദ്യമേ വിമര്‍ശനം ഉയര്‍ന്നിരുന്നു. കെ.എസ്.ആര്‍.ടി.സിയെ നല്ലൊരു ഉപഭോക്താവായാണ് സഹകരണ വകുപ്പ് കാണുന്നത്. മറ്റ് ആര് നല്‍കുന്നതിനേക്കാളും കൂടിയ പലിശക്ക് കെ.എസ്.ആര്‍.ടി.സി വായ്പയെടുക്കും. സഹകരണ സ്ഥാപനങ്ങളെ സംബന്ധിച്ച് ഇത് ലാഭകരമായ ബിസിനസാണെന്നും കഴിഞ്ഞ ദിവസം വിളിച്ച യോഗത്തില്‍ സഹകരണ മന്ത്രി തന്നെ വിശദീകരിച്ചിരുന്നു. സര്‍ക്കാര്‍ ഗ്യാരണ്ടി ഉറപ്പുള്ള സാഹചര്യത്തില്‍ വായ്പ കൊടുക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രവും ജാതകവും നോക്കേണ്ടതില്ലെന്നും സഹകരണ ബാങ്ക് കൊടുക്കുന്ന വായ്പക്ക് മുതലും പലിശയും കൃത്യമായി തിരിച്ചടക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതിയെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്.
നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണത്തിന് നിലവില്‍ ഒരു സംവിധാനമുണ്ട്. പെന്‍ഷന് ആവശ്യമായ തുക കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയാല്‍ വിതരണം സുഗമമായി നടക്കും. ഇതിനു പകരം സഹകരണ ബാങ്കുകളെ ഏല്‍പ്പിക്കുന്നത് അവരെ സഹായിക്കാനാണെന്ന് വ്യക്തം.
സഹകരണ കണ്‍സോര്‍ഷ്യം കരാര്‍ പ്രകാരം എല്ലാ പെന്‍ഷന്‍കാരും സമീപത്തെ സഹകരണ ബാങ്കുകളില്‍ പുതിയ അക്കൗണ്ട് തുറക്കണം. പ്രാഥമിക സംഘങ്ങളില്‍ അക്കൗണ്ട് തുറക്കുന്നതിന് ഏറ്റവും ചുരുങ്ങിയത് നൂറ് രൂപയെങ്കിലും വേണം. അതായത് ആകെയുള്ള 39,045 പെന്‍ഷന്‍കാര്‍ അക്കൗണ്ട് തുടങ്ങുമ്പോള്‍ 39.04 ലക്ഷം രൂപ സഹകരണ ബാങ്കുകള്‍ക്ക് ലഭിക്കും. ഒപ്പം 39,045 അകൗണ്ടുകളും സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കും. ഫലത്തില്‍ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ നിസഹായാവസ്ഥ പരമാവധി മുതലാക്കുകയാണ് സഹകരണ ബാങ്കുകള്‍.
Be the first to write a comment.