മലപ്പുറം: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെ.എസ്.യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരിയെ തല്‍സ്ഥാനത്തു നിന്നും കെ.എസ്.യു നീക്കം ചെയ്തു. സമൂഹമാധ്യങ്ങളില്‍ ശുഹൈബിന്റെ ര്ക്തസാക്ഷിത്വത്തെ അവഹേളിച്ചു എന്നാരോപിച്ചാണ് നടപടി. കെ.എസ്.യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എന്ന ഉത്തരവാദിത്വത്തില്‍ ഇരുന്നുകൊണ്ട് സി.പി.എം കൊലക്കത്തിക്ക് ഇരയായി പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ശുഹൈബിന്റെ ഓര്‍മ്മകളെ മോശപ്പെടുത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നിരുത്തരവാദപരവും അപക്വവുമായ പ്രസ്താവന നടത്തിയ ജസ്ല മാടശ്ശേരിയെ അന്വേഷണ വിധേയമായി സംഘടനാ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തുന്നതായി’ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു.

‘രാഷ്ട്രീയം മുതലെടൂപ്പിന്റേതാവുംപോള്‍ പരസ്പരം പണികൊടുക്കലിന്റെതാവുമ്പോള്‍, വെട്ടും കൊലയും സാധാരണമാവും, സ്വാഭാവികവും’ എന്നായിരുന്നു ജസ്ല ഫേസ്ബുക്കില്‍ കുറിച്ചത്. ഇതോടെ ശുഹൈബിന്റെ രക്തസാക്ഷിത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് ജസ്ലയുടേത് എന്ന് ആരോപിച്ച് പോസ്റ്റിനു താഴെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

‘ശുഹൈബിന്റെ രക്തസാക്ഷിത്വം അനശ്വരമാണെന്നും സമൂഹ്യമാധ്യമത്തില്‍ ആ രക്തസാക്ഷിത്വത്തെ സംഘടനാ ഭാരവാഹിത്വത്തില്‍ ഇരുന്നുകൊണ്ട് ആര് അവഹേളിക്കാന്‍ ശ്രമിച്ചാലും നടപടിയുണ്ടാകുമെന്ന് കെ.എം അഭിജിത്ത് നേരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജസ്ല മാടശ്ശേരിയെ പുറത്താക്കികൊണ്ട് കെ.എസ്.യു നടപടി സ്വീകരിച്ചത്.

അതേസമയം പോസ്റ്റിന് ജസ്ല വിശദീകരണം നല്‍കി. ശുഹൈബ് എന്ന നമ്മുടെ പ്രിയ സഹോദരന്റെ കൊലപാതകവുമായി ഞാന്‍ ഇട്ട പോസ്റ്റ് അത് നിങ്ങള്‍ക്ക് വലിയ രീതിയില്‍ വിഷമം ഉണ്ടാക്കി എന്ന് മനസിലായി. പക്ഷെ നിങ്ങള്‍ എടുത്ത അര്‍ത്ഥത്തിലല്ല ഞാനത് പോസ്റ്റ് ചെയ്തത്. കേവലം കണ്ണൂരെന്ന നാടിന്റെ പാശ്ചാത്തലവും അവിടത്തെ രാഷ്ട്രീയവും അവിടെ മനുഷ്യ ജീവനുകള്‍ക്കുള്ള വിലയും അത് മാത്രമാണ് ഞാന്‍ പോസ്റ്റിലൂടെ ഉദ്ധേശിച്ചത്. ജസ്ല പറഞ്ഞു.

എന്റെ വാക്കുകള്‍ ഞാനുദ്ധേശിച്ചത് ഒരിക്കലും ശുഹൈബിക്കാന്റെ മരണത്തെ നിസാര വല്‍ക്കരിച്ചതല്ല. കണ്ണൂരിന്റെ മണ്ണില്‍ സഖാക്കളുടെ മനസില്‍ ഒരു മനുഷ്യ ജീവന് നല്‍കുന്ന മാനസീക മുഖം എഴുതി എന്ന് മാത്രം.അത് ഞാന്‍ മുമ്പ് പറഞ്ഞ പോലെ എന്റെ എഴുത്തിന്റെ പ്രശ്‌നം തന്നെയാണ് . അത് ഒരിക്കലും കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ ധീരനായ ശുഹൈബിക്കയുടെ ചലനമറ്റ ശരീരം കണ്ട് സന്തോഷിച്ചതല്ല. എന്നെ അത്ര കരുണയില്ലാത്തവളായി നിങ്ങള്‍ കാണരുത് എന്നും ജസ്ല വ്യക്തമാക്കി.