തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലിന് മന്ത്രി നേരത്തെ വിധേയനായിരുന്നു. ഇതിനു പിന്നാലെയാണ് കൂടിക്കാഴ്ച. സംസ്ഥാന സമിതി യോഗം നാളെ നടക്കാനിരിക്കെയാണ് മന്ത്രി എകെജി സെന്ററില്‍ എത്തിയത്. സെക്രട്ടേറിയറ്റ് കഴിഞ്ഞ് നേതാക്കള്‍ പോയതിനു പിന്നാലെയാണ് ജലീല്‍ എകെജി സെന്ററിലെത്തിയത്.

നേരത്തെ സിപിഐ നേതാവ് കാനം രാജേന്ദ്രനും കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായി മന്ത്രി ജലീല്‍  കൂടിക്കാഴ്ച നടത്തുന്നത്.

അതേസമയം ജലീലിനെതിരെ മുന്നണിയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ജലീല്‍ ഒളിച്ചു കടന്നു പോവേണ്ടതില്ലായിരുന്നുവെന്നും അത് ജനാധിപത്യമല്ലെന്നും കഴിഞ്ഞ ദിവസം കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയുമായുള്ള മന്ത്രിയുടെ കൂടിക്കാഴ്ച നിര്‍ണായകമാകും.