മലപ്പുറം: പ്രമുഖ വ്യവസായി കെ.ടി റബീയുള്ളയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ ബിജെപി നേതാവടക്കം ഏഴു പേര്‍ അറസ്റ്റില്‍.

ബിജെപി ന്യൂനപക്ഷമോര്‍ച്ചയുടെ ദേശീയ വൈസ്പ്രസിഡന്റ് അസ്‌ലം കുരിക്കള്‍, ഗണ്‍മാനായ കേശവമൂര്‍ത്തി, റിയാസ്, അര്‍ഷാദ്, രമേശ്, ഉസ്മാന്‍, സുനില്‍ എന്നിവരെയാണ് പിടികൂടിയത്.

തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് നാടകീയ സംഭവം. റബീയുള്ളയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന വാഹനം അക്രമിസംഘം അടിച്ചു തകര്‍ത്തിരുന്നു.

ബിസിനസ് സംബന്ധമായ തര്‍ക്കങ്ങളാണ് അക്രമത്തിനിടയാക്കിയതെന്നാണ് പൊലീസ് നിഗമനം. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നായി പിടികൂടിയ പ്രതികളെ ഇന്നലെ രാത്രി മലപ്പുറത്തെത്തിച്ചു. റബീയുള്ളയുടെ വീട്ടില്‍ കയറിയ സംഘം രണ്ട് തോക്കുകള്‍ കാണിച്ച് കാവല്‍ക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വീട് അതിക്രമിച്ചു കയറല്‍, സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം, തട്ടികൊണ്ടുപോകാന്‍ ശ്രമം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബിജെപി നേതാവ് അടക്കം സംഘം സഞ്ചരിച്ച മൂന്നു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.

വീടിന്റെ മുന്‍ഭാഗത്തെ ഗേറ്റും മതിലും ചാടിക്കടന്നാണ് അക്രമികള്‍ അകത്തു കടന്നത്. വീട്ടിലേക്ക് അതിക്രമിച്ചു കയറുന്നതു കണ്ട നാട്ടുകാര്‍ സംഘത്തെ ചോദ്യം ചെയ്തു. മറുപടിയില്‍ പന്തികേട് തോന്നിയപ്പോള്‍ പൊലീസിനെ വിളിച്ചു. അതോടെ വാഹനങ്ങളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.

ഒരു കാര്‍ നാട്ടുകാര്‍ കാറ്റ് അഴിച്ചുവിട്ടിരുന്നതിനാല്‍ അതിലുണ്ടായിരുന്ന മൂന്നു പേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരെ പറേരങ്ങാടിയില്‍ വെച്ച് പൊലീസ് പിടികൂടി. പിടിയിലായവരില്‍ പൊലീസുകാരനടക്കം മൂന്നു പേര്‍ കര്‍ണാടക സ്വദേശികളാണ്.

അതിനിടെ, റബീയുള്ളയെ കാണാനില്ലെന്നും ഒളിത്താവളത്തിലാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് താന്‍ മലപ്പുറത്തുണ്ടെന്ന് അറിയിച്ച് റബീയുള്ള ഫേസ്ബുക്കില്‍ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരുന്നു.

ഈ സന്ദേശം വന്നതിനു തൊട്ടു പിന്നാലെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ റബീയുള്ളയുടെ ഭാര്യ ഷഹ്‌റാബാനുവില്‍ നിന്ന് മലപ്പുറം ഡിവൈഎസ്പി മൊഴിയെടുത്തു.