ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ആംആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ചാര്‍ട്ടേഡ് അക്കൗണ്ടന്റും ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുമായ എന്‍.ഡി ഗുപ്ത, സാമൂഹ്യ പ്രവര്‍ത്തകന്‍ സുശീല്‍ഗുപ്ത, പാര്‍ട്ടി പ്രവര്‍ത്തകനായ സഞ്ജയ് സിങ് എന്നിവരെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി ആം ആദ്മി നാമനിര്‍ദേശം ചെയ്യുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ സ്ഥാപകനേതാവായ കുമാര്‍ വിശ്വാസ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ രംഗത്തു വന്നു. സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിനുള്ള ശിക്ഷയാണിതെന്നും തന്റെ രക്തസാക്ഷിത്വം അംഗീകരിക്കുന്നതായും കുമാര്‍ വിശ്വാസ് പ്രതികരിച്ചു.

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം കെജരിവാളിനെതിരെ തുറന്നടിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ കുമാര്‍ വിശ്വാസിനെ സ്ഥാനാര്‍ത്ഥിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ പേര് പരിഗണനക്കു പോലും വന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കെജരിവാളിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.