കോഴിക്കോട്: രാജ്യത്ത് അഭിപ്രായം പറയുന്നവരെ ഇല്ലാതാക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും വായ മൂടിക്കെട്ടുകയാണെന്നും മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. അത്തരക്കാര്‍ക്ക് ഭരണകൂടത്തിന്റെ തലോടല്‍ ലഭിക്കുന്നതാണ് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ദുബൈ കെ.എം.സി.സി കോഴിക്കോട്ട് സംഘടിപ്പിച്ച ‘ പുതിയ ഇന്ത്യയുടെ പഴയ വര്‍ത്തമാനം’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകള്‍ ഇന്ത്യയെ അടിമകളാക്കിയവരില്‍ നിന്ന് സ്വാതന്ത്ര്യം നേടി നാട്ടുരാജ്യങ്ങളെയെല്ലാം ഒന്നാക്കിയാണ് ഇന്നത്തെ ഇന്ത്യ രൂപപ്പെട്ടത്. സഹവര്‍ത്തിത്തവും പരസ്പര ബഹുമാനവുമാണ് നമ്മുടെ പാരമ്പര്യം. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാക്കിയ ഭരണഘടനയാണ് നമ്മള്‍ അംഗീകരിച്ചത്. അവിടെയാണ് ഇപ്പോള്‍ അഭിപ്രായം പറയുന്നവരെയും എഴുത്തുകാരെയും മാധ്യമ പ്രവര്‍ത്തകരെയുമെല്ലാം വകവരുത്തുന്നത്.
ഗൗരി ലങ്കേഷ് വധത്തില്‍ വരെയെത്തി നില്‍ക്കുന്ന സംഭവങ്ങള്‍ ആശങ്കാജനകമാണ്. അത്തരക്കാര്‍ക്ക് തലോടലും സംരക്ഷണവും ഭരണ കൂടങ്ങളില്‍ നിന്ന് ലഭിക്കുമെന്ന വിശ്വാസമാണ് സംഭവങ്ങള്‍ വര്‍ധിപ്പിക്കുന്നത്. ഇതാവര്‍ത്തിച്ചാല്‍ അധികകാലം ഈ കേന്ദ്രഭരണം തുടരില്ല. വന്നതിനെക്കാള്‍ വേഗത്തില്‍ പോവുമെന്നതും ഓര്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കമാല്‍ വരദൂരിനെ ചടങ്ങില്‍ ആദരിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചു. സെമിനാറില്‍ മാധ്യമ പ്രവര്‍ത്തകന്‍ സി.വി.എം വാണിമേല്‍ വിഷയാവതരണം നടത്തി.
മുസ്്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ചരിത്രകാരന്‍ ഡോ.എം.ജി.എസ് നാരായണന്‍, ഡോ.സെബാസ്റ്റ്യന്‍ പോള്‍ എക്‌സ് എം.പി, ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ.പി.എസ് ശ്രീധരന്‍പിള്ള, സാഹിത്യകാരന്‍ കെ.പി രാമനുണ്ണി, മുസ്്‌ലിം യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, മുസ്്‌ലിംലീഗ് ജില്ലാ സെക്രട്ടറി എന്‍.സി അബൂബക്കര്‍, ഒ.കെ ഇബ്രാഹീം സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി സ്വാഗതവും ട്രഷറര്‍ എന്‍.സി ഇസ്്മാഈല്‍ നന്ദിയും പറഞ്ഞു.
പി.വി മുഹമ്മദ് അരിക്കോട്, മുസ്്തഫ തിരൂര്‍, കാദര്‍ അരിപ്പാമ്പ്ര, ഹനീഫ് കല്‍മട്ട, ഏറാമല കുഞ്ഞമ്മത്, ഇ.എ റഹ്്മാന്‍, ഹാരിസ് മുറിച്ചാണ്ടി, എം.പി അഷ്‌റഫ്, ബീരാന്‍ ബാഖവി, കാലിഖ് ബാഖവി, ഇ സാദിഖലി സംബന്ധിച്ചു. കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വിയോഗത്തില്‍ അനുശോചിച്ചു.
Be the first to write a comment.