കണ്ണൂര്‍: കൂത്തുപറമ്പ് ചൂണ്ടയില്‍ രണ്ട് യുവാക്കളെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങളുടെ സമീപത്ത് ഒരു ബൈക്കും കണ്ടെത്തിയിട്ടുണ്ട്. ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് മരണമെന്നാണ് കരുതുന്നത്.

കൈതേരി ആറങ്ങാട്ടേരി സ്വദേശികളാണ് അതുല്‍ (21), സാരംഗ് (22) എന്നിവരാണ് മരിച്ചത്. ബൈക്ക് മരത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഇരുവരും സമീപത്തെ തോട്ടിലേക്ക് തെറിച്ചുവീണതാകാമെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെയാണ് നാട്ടുകാര്‍ മൃതദേഹങ്ങള്‍ കണ്ടത്. ഒരാളുടേത് തോട്ടിലും മറ്റേയാളുടേത് സമീപത്തെ പറമ്പിലുമാണ് കിടന്നിരുന്നത്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.